
മുതിർന്നവർ പറയുന്നത് കേട്ടാണ് കുട്ടികൾ പഠിക്കുന്നതെന്ന് പറയുന്നത് വെറുതെയല്ല. അമ്മ പഠിക്കുന്നത് കേട്ട് പഠിച്ച് ഗിന്നസ് റെക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. എടച്ചേരി പുറമേരി സ്വദേശിനി എംബിഎക്കാരി സുബിന ഇപ്പോൾ പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. അമ്മ പഠിക്കുമ്പോൾ മൂന്നരവയസുകാരനായ മകൻ സാത്വിക് ഒപ്പമുണ്ടാകും. അമ്മ പഠിക്കുന്നത് കേട്ടുപഠിക്കും.
അങ്ങനെ ഇന്ത്യൻ പ്രധാനമന്ത്രിമാർ, ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, നദികൾ, മൃഗങ്ങൾ തുടങ്ങി പല കാര്യങ്ങളും ഈ കൊച്ചുമിടുക്കൻ കേട്ടുപഠിച്ചു. എന്ത് ചോദിച്ചാലും ഈ മൂന്നരവയസുകാരൻ അനായാസമായി ഓർത്തെടുത്ത് പറയും. പത്ത് മിനിട്ടിനുള്ളിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാണ് സാത്വിക് മൂന്ന് റെക്കാർഡുകൾ സ്വന്തമാക്കിയത്. ഇന്ത്യൻ ബുക്‌സ് ഒഫ് റെക്കാർഡ്‌സ്, ഇന്റർനാഷണൽ ബുക്‌സ് ഒഫ് റെക്കാർഡ്‌സ്, കലാംസ് വേൾഡ് റെക്കാർഡ് എന്നിവയാണ് സ്വന്തമാക്കിയത്.