sand-mining-case

ചെന്നൈ: അനധികൃത മണൽ ഖനനത്തിന്റെ പേരിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസും അ‌ഞ്ച് പുരോഹിതരും അറസ്റ്റിലായ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. തിരുനെൽവേലിയിലെ അംബാസമുദ്രത്ത് താമരഭരണി നദിയിൽ അനധികൃതമായി മണൽ ഖനനം നടത്തിയതിനായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ മണൽ ഖനനം നടന്നത് വൈദികരുടെ അറിവോടെയാണ് എന്നാണ് പുതുതായി പുറത്തുവന്ന തെളിവുകൾ വ്യക്തമാക്കുന്നത്. പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ നിന്ന് മണൽ ഖനനം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി പാട്ടക്കാരനുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഓരോ ലോഡ് മണ്ണിനും 2000 രൂപ മുതൽ 2500 രൂപവരെ സഭയ്ക്ക് വിഹിതം നൽകണമെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. സഭയുടെ ഭൂമി പാട്ടത്തിന് നൽകിയിരുന്ന കോട്ടയം സ്വദേശി മാനുവൽ ജോർജും സഭയും തമ്മിലുള്ള കരാർ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഭൂമി നൽകിയത് കൃഷി ആവശ്യത്തിനായിരുന്നു എന്നായിരുന്നു സഭ നൽകിയ വിശദീകരണം.

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. താമരഭരണി പുഴയുടെ സമീപത്തായുള്ള ഈ സ്ഥലത്ത് അനധികൃതമായി മണൽ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിർദേശപ്രകാരം സി ബി സി ഐ ഡി ബിഷപ്പിനെയും മറ്റ് വൈദികരെയും അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി സ്ഥലം സന്ദർശിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ മാനുവൽ ജോർജ് കരാർ ലംഘിച്ചുവെന്നും മണൽ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിച്ചിരുന്നു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാനുവൽ ജോർജിനെതിരെ നിയമനടപടികൾ ആരംഭിച്ചുവെന്നും സഭ അറിയിച്ചിരുന്നു.