
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ എതിർപ്പ് പരസ്യപ്പെടുത്തി സിപിഐ മന്ത്രമാർ. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് സിപിഐ ഇക്കാര്യം വ്യക്തമാക്കിയത്. മുന്നറിയിപ്പില്ലാതെ ഓർഡിനൻസ് കൊണ്ടുവന്നതിനാൽ ഭേദഗതിയെക്കുറിച്ച് പഠിക്കുന്നതിനും രാഷ്ട്രീയ ചർച്ച നടത്തുന്നതിനും അവസരം ലഭിച്ചില്ലെന്ന് മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പരാതിപ്പെട്ടു.
പരാതികൾക്ക് മറുപടിയായി മന്ത്രിസഭാ അജൻഡ നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ക്യാബിനറ്റ് നോട്ടിൽ നിന്നും ഓർഡിനൻസിനെക്കുറിച്ച് സിപിഐ മന്ത്രിമാർ അറിഞ്ഞിട്ടുണ്ടാകുമെന്നും വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടാകും എന്നാണ് കരുതിയത്. വിഷയത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കാതെ ഒരു തവണ മാറ്റിവച്ചത് പാർട്ടികൾക്ക് ചർച്ചചെയ്യുന്നതിന് വേണ്ടിയായിരുന്നു. രണ്ടാമതും വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചില്ല. അതിനാൽ ഓർഡിനൻസിനോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ ലോകായുക്ത ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണ് എന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് സിപിഐ മന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന് അംഗീകാരം നൽകിയപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് വ്യക്തമാക്കാതിരുന്നത് പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയർത്തിയിരുന്നു. നാളെ നിയമസഭ ചേരാനിരിക്കവെയാണ് ഇന്നത്തെ ക്യാബിനറ്റ് യോഗത്തിൽ സിപിഐ മന്ത്രമാർ എതിർപ്പ് അറിയിച്ചത്.വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കുന്നതിനായി സിപിഎം ഇതുവരെ നേരിട്ടുള്ള ഇടപെടൽ നടത്തിയിട്ടില്ല. കോടിയേരി-കാനം കൂടിക്കാഴ്ചയും നീളുകയാണ്. നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകുമ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് ഉന്നയിക്കുന്നതിനും ഭേദഗതി ശുപാർശ ചെയ്യുന്നതിനും സാദ്ധ്യത നിലനിൽക്കുകയാണ്.