cartoon

മുമ്പ് സർവാധികാരമുണ്ടായിരുന്ന വൈദ്യുതി മന്ത്രി ഇപ്പോൾ മേൽനോട്ടക്കാരൻ മാത്രമാണ്. നിരക്ക് വർദ്ധിപ്പിക്കാൻ പുതിയ സംവിധാനമുണ്ട്. ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ പവർഎക്സ്ചേഞ്ചും കരാറുകളുമുണ്ട്. എന്നാൽ അമിതനിരക്ക് വർദ്ധനപോലെ സാധാരണക്കാരെ ബാധിക്കുന്ന കെ.എസ്.ഇ.ബി.യുടെ നടപടികളിൽ പോലും ഇടപെടുന്നതിൽ മന്ത്രിക്ക് പരിമിതികളുണ്ട്. പ്രതിവർഷം 20000 കോടിയോളം രൂപയുടെ ഇടപാടും ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുമുള്ള കെ.എസ്.ഇ.ബി.യിൽ നിലവിൽ യൂണിയനുകളും ചെയർമാനും ചേർന്നാണ് ഭരണം. പരാതികളും പ്രതിസന്ധികളുമുണ്ടാകുമ്പോഴാണ് മന്ത്രിമാർ ഇടപെടുന്നത്. രാഷ്ട്രീയ ഭരണസ്വാധീനങ്ങളുപയോഗിച്ച് അവർ ജനങ്ങൾക്ക് വേണ്ടി പ്രതിസന്ധികൾ പരിഹരിക്കാറുണ്ട്. എന്നാൽ ജനങ്ങളെയും വികസനത്തേയും നേരിട്ട് ബാധിക്കുന്ന സുപ്രധാന സ്ഥാപനത്തിലിപ്പോൾ നടക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയുമാണ് . ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി കഴിഞ്ഞ ഒന്നരദശാബ്ദമായി നഷ്ടത്തിലാണ്. എന്നിട്ടും ധൂർത്തിനും ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കും ഒരു കുറവുമില്ല. സർക്കാർ അനുമതി പോലുമില്ലാതെയാണ് ശമ്പളപരിഷ്‌കരണം. ദീർഘകാല കരാറുകൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കമ്പനിവക ഭൂമി തോന്നിയത് പോലെ ഉപയോഗിക്കുന്നു. പലർക്കും വിട്ടുകൊടുക്കുന്നു. അതേസമയം ഉത്പാദനം കൂട്ടാൻ നടപടിയുമില്ല. ജനങ്ങളെ സേവിക്കേണ്ടതിന് പകരം ജനങ്ങൾക്ക് എന്തോ ഒൗദാര്യം ചെയ്യുന്നു എന്ന മട്ടാണ് പല ജീവനക്കാർക്കും. ഇൗ കുത്തഴിഞ്ഞ സ്ഥിതി മാറ്റിയെടുക്കാമെന്ന് ആരെങ്കിലും കരുതിയാൽ, അത് മന്ത്രിയായാലും ചെയർമാനായാലും കുറച്ച് പ്രയാസമാണ്.

നേതാവിനില്ലാത്ത പ്രമോഷൻ

ആർക്കും വേണ്ട

സംഘടനാനേതാവിന് തരപ്പെട്ടില്ലെങ്കിൽ പ്രമോഷൻ ആർക്കും വേണ്ട എന്നാണ് നിലപാട്. എങ്ങനെയുണ്ട് കാര്യങ്ങളുടെ പോക്ക് ! ഇതുമൂലം കെ.എസ്.ഇ.ബി.യിൽ ആകെയുള്ള 81 അസി.അക്കൗണ്ട്സ് ഒാഫീസർ തസ്തികകളിൽ 40 എണ്ണമെങ്കിലും കഴിഞ്ഞ ഒരുവർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. സീനിയർ സൂപ്രണ്ടിൽ നിന്നുള്ള പ്രമോഷൻ തസ്തികയാണിത്. ഭരണാനുകൂല സംഘടനയുടെ എറണാകുളത്തെ നേതാവിന് കൊടുത്തിട്ട് മതി മറ്റുള്ളവർക്ക് പ്രമോഷൻ എന്ന വാശിയാണ് ഇതിന് പിന്നിൽ.

കൊച്ചിയിലെ ലീഗൽ ലെയ്സൺ ഒാഫീസിൽ സീനിയർ സൂപ്രണ്ടാണ് നേതാവ്. 2006ൽ നിയമിതനായിട്ട് ഇന്നുവരെ ഇളക്കിയിട്ടില്ല. എല്ലാ ട്രാൻസ്ഫർ മാനദണ്ഡങ്ങളും ഇദ്ദേഹത്തിനായി വഴിമാറും. കെ.എസ്.ഇ.ബി.കേസുകളിൽ സംഘടനയുടെ താത്‌പര്യം സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് പ്രമോഷൻ നൽകാൻ സാങ്കേതിക തടസങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇൗ നേതാവ് തന്നെ കക്ഷിയായി കേസ് നടക്കുകയാണ്. കെ.എസ്.ഇ.ബി.യുടെ കേസുകൾ കോടതിയിൽ നോക്കുന്ന ഒാഫീസർതന്നെ കക്ഷിയായി കെ.എസ്.ഇ.ബി.ക്കെതിരെ കേസ് നടത്തുന്നു എന്ന വിരോധാഭാസം!.

ഇല്ലാത്ത ഒഴിവിൽ

162പേർക്ക് നിയമനം

കെ.എസ്.ഇ.ബി.യിൽ നേരിട്ട് നിയമനം നടത്തുന്ന ഉയർന്ന തസ്തികയാണ് അസി.എൻജിനിയർ. കഴിഞ്ഞവർഷം ഇൗ തസ്തികയിൽ ഇല്ലാത്ത ഒഴിവിലേക്ക് നിയമനം നടത്താൻ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത് 162പേരെ. പി.എസ്.സി.റാങ്ക് ലിസ്റ്റ് തീരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ എച്ച്.ആർ.ചുമതലയിലെ സംഘടനാനേതാവ് പ്രത്യേക മെസെഞ്ചർ വഴി പി.എസ്.സി. ഒാഫീസിൽ ശുപാർശ എത്തിക്കുകയായിരുന്നു. ഐ.ടി.ഐ.ക്കാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കേണ്ട ഒഴിവുകളാണ് അസി.എൻജിനിയർമാരുടേതെന്ന് പറഞ്ഞാണ് പി.എസ്.സി.യെ തെറ്റിദ്ധരിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷസംഘടന ഹൈക്കോടതിയിൽ കേസ് നൽകി. കേസിൽ പി.എസ്.സി.ക്ക് വേണ്ടി വാദിക്കാനെത്തിയത് ഉയർന്ന സംഘടനാനേതാവിന്റെ ബന്ധു ! ഒടുവിൽ കോടതിവിധി കെ.എസ്.ഇ.ബി.ക്ക് എതിരായി. ഇതോടെ ഇല്ലാത്ത ഒഴിവിൽ 162 പേരെ നിയമിക്കേണ്ടിവന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീർന്നിട്ട് ഒരു വർഷമായി. എന്നിട്ടും ഇതുവരെ 82പേർക്ക് നിയമനം നൽകി. ബോർഡിന് പ്രതിവർഷം അനാവശ്യബാദ്ധ്യത 12കോടി. നിയമനത്തിന് പിന്നിൽ അഴിമതിയാരോപണവുമുണ്ട്. അതിന് ചുക്കാൻപിടിച്ച സംഘടനാനേതാവിന്റെ പെൻഷൻ പുതിയ ചെയർമാൻ ഇടപെട്ട് തടഞ്ഞു. അതിന്റെ ഇൗർഷ്യയും സംഘടനയ്ക്കുണ്ട്.

ചെയർമാന്റെ

"ഡയറി ധിക്കാരം"

കെ.എസ്.ഇ.ബി.യിൽ ആറ് യൂണിയനുകൾ. അതിൽ അഞ്ച് സംഘടനകളുടേയും പ്രധാനപരിപാടി വർഷാവർഷം ഡയറി അച്ചടിക്കുകയാണ്. പുതിയ ചെയർമാൻ അതിന് ക്ളിപ്പിട്ടു. ഡയറി അടിച്ചോളൂ, പക്ഷേ പരസ്യം പിടിക്കരുതെന്നായിരുന്നു സർക്കുലർ. വരുമാനമില്ലാതെ ഡയറി അടിച്ചിട്ട് എന്ത് കാര്യം! പരസ്യവരുമാനം രണ്ടുമുതൽ നാലുകോടിരൂപ വരെയാണ്. കൂടാതെ പരസ്യം പിടിക്കുന്ന ജീവനക്കാർക്ക് ഇരുപത് ശതമാനം കമ്മിഷനും. മൊത്തത്തിൽ പുതുവത്സര ചാകരക്കാലമാണത്. ആ കൊയ്‌ത്താണ് ചെയർമാൻ ഒറ്റ സർക്കുലറിൽ വെട്ടിയത്. "ചെയർമാന്റെ ഡയറി ധിക്കാര"മെന്നാണ് ഒരുനേതാവ് ഇതിനെ വിശേഷിപ്പിച്ചത്. വൻകിട വൈദ്യുതി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നുവെന്ന പരാതിയാണ് ചെയർമാനെ കടുംകൈയ്ക്ക് നിർബന്ധിതനാക്കിയതത്രേ.

"സോഫ്റ്റ് വെയർ ചലഞ്ച്"

2006ൽ ഐടി നയം രൂപീകരിച്ചതു മുതൽ ഒരു പ്രമുഖ സംഘടനയുടെ പ്രതിനിധികൾ മാത്രമടങ്ങിയ ഐ.ടി.സ്റ്റിയറിംഗ് കമ്മിറ്റിയുടെ കയ്യിലാണ് കെ.എസ്.ഇ.ബി.യുടെ ഐ.ടി.നവീകരണ സംവിധാനം. ഭരണം മാറിയാലും ഇവരാരും മാറാറില്ല. ഒാൺലൈൻ ട്രാൻസ്ഫർ മുതൽ കെ.എസ്.ഇ.ബി.യുടെ പുതിയ പരിഷ്‌കാരങ്ങളും ടെൻഡർ നടപടികളും എല്ലാം നിയന്ത്രിക്കാൻ അവർക്ക് അവസരം നൽകുന്നത് ഐ.ടി.സെല്ലിലെ കുത്തക ഭരണമാണ്. ടെൻഡർ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്നു എന്ന പരാതികളും നിരവധിയാണ്. എന്നിട്ടും ആരേയും തൊടാൻ മന്ത്രിക്കോ, ചെയർമാനോ കഴിയുന്നില്ല. അത് സംഘടനയുടെ അവകാശാധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടും!

ഒാട്ടോമാറ്റിക് മീറ്റർ സ്ഥാപിക്കാനുള്ള 200കോടി രൂപയുടെ കേന്ദ്രഫണ്ട് മടക്കികൊടുക്കേണ്ടി വന്നത് വിവാദമായതോടെ പുതിയ ചെയർമാൻ ഐ.ടി.സെല്ലിൽ കൈവെച്ചു. ഐ.ടി. സ്റ്റിയറിംഗ് കമ്മിറ്റി പുന:സംഘടിപ്പിക്കേണ്ടെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഒാട്ടോമാറ്റിക് മീറ്റർ പദ്ധതി തിരുവനന്തപുരത്തെ കേശവദാസപുരം സെക്‌ഷനിലാണ് നടപ്പാക്കാനിരുന്നത്. ഇതിന്റെ സോഫ്‌ട് വെയർ വികസിപ്പിക്കാനാകുന്നില്ലെന്ന് പറഞ്ഞ് പദ്ധതി പിന്നീട് അട്ടിമറിച്ചു. സോഫ്‌ട് വെയർ വികസിപ്പിക്കാനാകുന്നില്ലെങ്കിൽ പുറത്തു കൊടുക്കാമെന്നാണ് ചെയർമാന്റെ നിലപാട്. പിന്നാലെ ഇ-ഓഫീസ് നടപ്പാക്കാനുള്ള കരാർ സ്വകാര്യകമ്പനിക്ക് നൽകി. മാത്രമല്ല ഐ.ടി.സെൽ വികസിപ്പിച്ച പർച്ചേസ്, ഉപയോഗം, ഇൻഡെക്സ്, ഒാർഡർ എന്നിവ കോർത്തിണക്കിയ ഇ.ആർ.പി.മാനേജ്മെന്റ് സോഫ്‌ട് വെയർ ഉപേക്ഷിച്ച്, മറ്റൊരു സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങാനും തീരുമാനിച്ചു. ഇതോടെ പുറത്തുകൊടുത്ത് സോഫ്‌ട് വെയർ വികസിപ്പിക്കുന്നത് ധൂർത്താണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. കെ.എസ്.ഇ.ബി.യെ കുത്തക സോഫ്‌ട് വെയറുകൾക്ക് വിട്ടുകൊടുക്കുന്നു എന്നാണ് മറ്റൊരാക്ഷേപം.

ചെയർമാനെതിരെ മുഖ്യമന്ത്രിയേയും കണ്ടു

ചെയർമാന്റെ നടപടികൾ സംഘടനകളുമായി ചേർന്നുപോകുന്നില്ലെന്ന് തുടക്കത്തിലേ മനസിലാക്കിയ നേതാക്കൾ രണ്ടുതവണ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയേയും പിന്നീട് മുഖ്യമന്ത്രിയേയും കണ്ടു. പുതിയ വകുപ്പായതിനാൽ എല്ലാം കരുതലോടെ മാത്രം ചെയ്യുന്ന മന്ത്രി പതിവുപോലെ പരാതികളെല്ലാം കേട്ടിട്ട് അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുക മാത്രമാണുണ്ടായത്. ഇതോടെയാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ മുന്നണിയിലെ ഘടകകക്ഷിക്ക് നൽകിയ വകുപ്പിൽ വെറുതെ കയറി ഇടപെടാനാവില്ലെന്ന സുവ്യക്തമായ മറുപടിയാണത്രേ മുഖ്യമന്ത്രി നൽകിയത്. ഇടതുമുന്നണി നയപരിപാടികളിൽ നിന്ന് വ്യതിചലിക്കുന്നുണ്ടെന്ന പരാതിയുണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചെന്നാണ് മനസിലാക്കുന്നത്. ഇതോടെ ഹതാശയരായ നേതാക്കൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുന്നണി കൺവീനർ വിജയരാഘവനേയും കണ്ടെങ്കിലും ഫലമുണ്ടായില്ല. സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ആകട്ടെ സ്വന്തം യുക്തിക്ക് ബോദ്ധ്യം വന്നാൽ മാത്രമേ ഇടപെടുകയുള്ളൂ. എന്നാലും പാർട്ടിക്കും യൂണിയനും വ്യക്തമായ മേൽക്കൈയുള്ള കെ.എസ്.ഇ.ബി.യിലെ സംഘടനാ നേതാക്കളുടെ താത്‌പര്യം സംരക്ഷിക്കണമെന്ന് കരുതുന്ന പാർട്ടിയിലെ ചിലരുടെ ഒത്താശയോടെയാണ് രണ്ടും കൽപിച്ച് ചെയർമാനെതിരെ സ്വന്തം ഭരണകാലത്ത് സംഘടന സമരത്തിനിറങ്ങിയത്.

നാളെ - വിരമിക്കലില്ലാത്ത നേതാക്കളും,

ഒാഡിറ്റില്ലാത്ത വെട്ടിപ്പുകളും