
ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും കോട്ടയം പ്രദീപിന് ഡയലോഗ് ഇല്ലായിരുന്നു. വായ തുറക്കാൻ തമിഴകത്തുനിന്ന് 'വിണ്ണെത്താണ്ടി വരുവായ" എന്ന സിനിമ എത്തി. നീണ്ട പത്തുവർഷം ജൂനിയർ ആർട്ടിസ്റ്റ്.സിനിമയോടുള്ള ഇഷ്ടമാണ് പ്രദീപിനെ സിനിമയിൽ നിലനിറുത്തിയത്. ഈ നാടു ഇന്നലെ വരെ സിനിമയിലാണ് ജൂനിയർ ആർട്ടിസ്റ്റായി ആദ്യം അഭിനയിച്ചത്. രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളുടെ വേഷം. 
സിനിമ വന്നപ്പോൾ പ്രദീപിന് പോലും തന്നെ കാണാൻ കഴിഞ്ഞില്ല, 250 പേരിൽ ഒരാൾ .എന്നാൽ ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച സന്തോഷത്തിലാണ് കാമറയ്ക്ക് മുന്നിൽ നിന്നു. അച്ഛൻ, അമ്മാവൻ, രാഷ്ട്രീയക്കാരൻ , പൊലീസുകാരൻ,കടക്കാരൻ എന്നിങ്ങനെ പലവേഷങ്ങൾ. വിണ്ണെത്താണ്ടി വരുവായയിലെ ഡയലോഗ് ക്ലിക്ക് ചെയ്തപ്പോൾ പിന്നെ വന്നതെല്ലാം പ്രാസം ഒപ്പിച്ച ഡയലോഗ് . വിണ്ണെത്താണ്ടി വരുവായയിൽ അഭിനയിക്കാൻ വിളി വന്നതും ഗൗതം മേനോനെ കണ്ടതും പ്രദീപ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ '' കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് വരികയാണ് . പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാളിന്റെ വാക്കുകൾ റീവൈൻഡ് ചെയ്താണ് വരവ് . സംവിധായകന് ഇഷ്ടപ്പെട്ടാൽ മാത്രം വേഷം. രാവിലെ 6.30 ന് ഹോട്ടലിലെത്തി . സംവിധായകൻ എത്തിയപ്പോൾ പത്തുമണി. ആരെയും നോക്കാതെ സംവിധായകൻ കയറിപ്പോയി. 
പച്ചമലയാളത്തിൽ സംവിധായകൻ പേരും നാടും ചോദിച്ചു. പിന്നെ തുറിച്ചൊരു നോട്ടം. പൊയ്ക്കോ എന്നു പറഞ്ഞപ്പോൾ ഔട്ട് ഉറപ്പിച്ചു മടങ്ങി.'' തമിഴകത്തിന്റെ പ്രതിഭാധനനായ സംവിധായകരിൽ ഒരാളായ ഗൗതം മേനോൻ ആദ്യകാഴ്ചയിൽത്തന്നെ നായിക  തൃഷയുടെ അമ്മാവന്റെ രൂപം പ്രദീപിൽ കണ്ടിരുന്നു. വിണ്ണെത്താണ്ടി വരുവായയുടെ തെലുങ്ക്, ഹിന്ദി പതിപ്പിലും ജോർജ് അങ്കിളിന് മാത്രം മാറ്റമില്ല. 
തമിഴിൽ രാജാറാണി, നൻപെൻഡാ,തെരി തുടങ്ങിയ ചിത്രങ്ങൾ. ഈ സിനിമകൾ എല്ലാം തന്നത് വിണ്ണെത്താണ്ടിവരുവായ.
മമ്മൂട്ടിയെ കാത്തുനിന്നു
വർഷങ്ങൾക്കു മുൻപ് സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, മുഹൂർത്തം 11.30 എന്നീ സിനിമകളിൽ അഭിനയിക്കാൻ മമ്മൂട്ടി കോട്ടയത്ത് വന്നു. മമ്മൂട്ടിയെ കാണാൻ ഒരു ദിവസം മുഴുവൻ കാത്തുനിന്നെങ്കിലും നിരാശനായി പ്രദീപിന് മടങ്ങേണ്ടി വന്നു. അച്ഛാദിൻ, ഊട്ടോപ്യയിലെ രാജാവ്,തോപ്പിൽജോപ്പൻ, പുതിയ നിയമം എന്നീ സിനിമയിൽ മമ്മൂട്ടിയൊടൊപ്പം കോമ്പിനേഷൻ സീനിൽ അഭിനയിക്കാൻ കഴിഞ്ഞത് അവാർഡിന് തുല്യമാണെന്ന് പ്രദീപ് സുഹൃത്തുക്കളോട് പിന്നീട് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ഒരുപാട് സിനിമയിൽ പ്രദീപ് ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. മോഹൻലാലിന്റെ ഒരു നോട്ടം കിട്ടാൻ കൊതിച്ചു. എന്നും എപ്പോഴും, ഇവിടം സ്വർഗമാണ്, പെരുച്ചാഴി എന്നീ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു.പ്രദീപിന്റെ അവസാന ചിത്രമായ ആറാട്ടിലും മോഹൻലാലാണ് നായകൻ. ഇന്നാണ് ആറാട്ട് റിലീസ് ചെയ്യുന്നത്.
ആഗ്രഹം സഫലമാകാതെ മടക്കം
തന്നോടൊപ്പം പ്രവർത്തിച്ചവരിൽ ഒരു ഡയലോഗ് കിട്ടാതെ ജൂനിയർ ആർട്ടിസ്റ്റായി ഇപ്പോഴും കഴിയുന്നവരുണ്ടെന്ന് പ്രദീപ് പറയാറുണ്ട്. മൂന്നുറു ജൂനിയർ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ നിന്നാണ് താൻ വന്നത്. അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ അവരെ പ്രദീപ് കണ്ടിട്ടുണ്ട്. അപ്പോൾ അവർക്ക് അരികിലേക്ക് ഓടിയെത്തും. 'പ്രദീപ് രക്ഷപെട്ടു"എന്ന് അവർ അപ്പോൾ പറയും. 'നിങ്ങൾക്കും തീർച്ചയായും അവസരം ലഭിക്കുമെന്ന് " പ്രദീപും പറയുമായിരുന്നു.
അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും പ്രദീപ് ഒരേ പോലെ ഇഷ്ടപ്പെട്ടു. മനസിന് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. കോട്ടയം എൽ.ഐ.സി ഓഫീസിൽനിന്ന് ഓഫീസ് അസിസ്റ്റന്റായി വിരമിച്ച പ്രദീപ് ജോലിയും സിനിമയും ഒരേപോലെ കൊണ്ടു പോയാണ് തന്നിലെ കലാകാരനെ പരിപോഷിപ്പിച്ചത്. സിനിമയിൽ നിലനിൽക്കണമെങ്കിൽ പതിവു കഥാപാത്രങ്ങളിൽ നിന്ന് മാറി യാത്ര ചെയ്യണം. ഒരു സീരിയസ് കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹിച്ചു . എപ്പോഴെങ്കിലും തേടിവരുമെന്ന് പ്രതീക്ഷിച്ചു. അതു ലഭിക്കാതെയാണ് മടക്കം.