
കോട്ടയം പ്രദീപിന് തുല്യം കോട്ടയം പ്രദീപ് മാത്രം. രൂപത്തിലും സംസാരശൈലിയിലും എന്നുവേണ്ട ഭംഗിയുള്ള കഷണ്ടിത്തലയിൽ പോലും സമാനതകളില്ല.
അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കോട്ടയം പ്രദീപ് കണ്ടതും. സിനിമയിലെ പോലെത്തന്നെ ജീവിതത്തിലും സംസാരിച്ചു. ഇതെല്ലാം ലൈവാണ്, ഒരു അസത്യവുമില്ല. ഈ ശബ്ദം ജന്മനാ ഉള്ളതാണോയെന്ന് ഒരിക്കൽ മമ്മൂട്ടി ചോദിച്ചു.അതെയെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് അതിശയം.കോമഡി അഭിനയിക്കുന്ന പല നടന്മാരും ജീവിതത്തിൽ സീരിയസായിരിക്കും.
എന്നാൽ ഞാനത്ര സീരിയസായ ആളൊന്നുമല്ലെന്ന് പ്രദീപ് തന്നെ പറയാറുണ്ട്. വീട്ടിലും ജോളിയായി ഇരിക്കാനാണ് ആഗ്രഹമെന്ന് പറയും. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം മാത്രമല്ല നിവിൻ പോളി, ജയസൂര്യ, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു. ദുൽഖറിനൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹിച്ചു. ഒരു യമണ്ടൻ പ്രേമകഥയിലൂടെ ആ ആഗ്രഹവും സാധിച്ചു. അഭിനയിക്കുന്നതിന് മുമ്പ്  തയ്യാറെടുപ്പുകൾ നടത്തുന്നതാണ് പ്രദീപിന്റെ രീതി.
ചെറിയ വേഷമായാൽ പോലും അഭിനയിക്കുന്നതിന്റെ തലേ ദിവസം തിരക്കഥ വായിച്ച് മനസിലാക്കും. ചിലപ്പോൾ രാത്രി 2 മണി വരെയൊക്കെ ഇരുന്ന് എങ്ങനെ നന്നായി ചെയ്യാം എന്നാലോചിക്കും. തന്റേതായ ചില സംഭാവനകൾ നൽകാനും ശ്രമിക്കും . ചില സംവിധായകർ അത് പ്രോത്സാഹിപ്പിക്കും. മറ്റുചിലർ എല്ലാം തിരക്കഥയിലെ പോലെ വേണമെന്ന് നിർബന്ധം പിടിക്കും. എന്നാൽ പ്രദീപിന് പരാതിയില്ല. കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിനടുത്താണ് വീട്. തനിക്ക് വന്നു ചേർന്ന എല്ലാ ഭാഗ്യങ്ങളും കുമാരനല്ലൂർ അമ്മയുടെ അനുഗ്രഹമാണെന്ന് പ്രദീപ് വിശ്വസിച്ചു.