
കൊച്ചി: ചോറ്റാനിക്കര മകം തൊഴാൻ നടി പാർവതി എത്തി. യാദൃശ്ചികമായാണ് എത്താൻ സാധിച്ചതെന്നും, തൊഴാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്നും പാർവതി പ്രതികരിച്ചു.
'തൊഴാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്. യാദൃശ്ചകമായിട്ടാണ് എനിക്ക് വരാൻ പറ്റിയത്. സാധാരണ ആറ്റുകാൽ പൊങ്കാലയ‌്ക്ക് വരാറുണ്ട്. കൊവിഡ് ആയതുകൊണ്ട് ഇപ്പോൾ രണ്ടുവർഷമായിട്ട് കഴിയാറില്ല. എന്തായാലും ഇവിടെ വന്ന് കണ്ണുനിറച്ച് അമ്മയെ കണ്ടു. അടുത്ത വർഷം എല്ലാം മാറി പഴയതുപോലെയാകുമെന്ന് ആശിക്കുകയാണ്'.
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും മകം തൊഴാൻ ചോറ്റാനിക്കരയിൽ എത്തിയിരുന്നു. വിഗ്‌നേഷ് ശിവനൊപ്പമാണ് നയൻതാര മകം തൊഴാനെത്തിയത്. വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ദർശനത്തിനെത്തിയ നയൻതാരയെ മാദ്ധ്യമങ്ങൾ വളഞ്ഞെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനം. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാൻ എത്തിയത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദർശനമുണ്ടാകുക.