
ചാമ്പ്യൻസ് ലീഗ് : ഇന്റർ മിലാനെ തകർത്ത് ലിവർപൂൾ
ബയേണിനെ സമനിലയിൽ കുരുക്കി സാൽസ്ബുർഗ്
സാൻ സിറോ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഒന്നാം പാദ പോരാട്ടത്തിൽ ലിവർപൂൾ ഇന്റർമിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു. മറ്റെരു മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ സാൽസ്ബുർഗ് സമനിലയിൽ കുരുക്കി.
ചെമ്പടയാട്ടം
ഇന്റമിലാന്റെ തട്ടകമായ സാൻസിറോയിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ലിവർപൂൾ രണ്ട് ഗോളുകളും നേടിയത്. റോബർട്ടോ ഫിർമിനോയും മുഹമ്മദ് സലയുമാണ് ലിവറിന്റെ സ്കോറർമാർ. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 75-ാം മിനിട്ടിലാണ് ഫിർമിനോ ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. ആൻഡി റോബർട്ട്സണിന്റെ ക്രോസ് തലകൊണ്ട് മനോഹരമായി ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു ഫിർമിനോ.
83-ാം മിനിട്ടിൽ സല ലിവറിന്റെ ലീഡുയർത്തി. അലക്സാണ്ടർ ആർനോൾഡ് ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ആശയക്കുഴപ്പത്തിലായ ഇന്റർ പ്രതിരോധ നിരയെ കബളിപ്പിച്ച് സല ഗോളാക്കി മാറ്റുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ലിവറും ഇന്ററും തമ്മിൽ നടന്നത്. 16ാം മിനിട്ടിൽ ഇന്ററിന്റെ ചൽഹനോലുവിന്റെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 60-ാം മിനിട്ടിൽ ഡെംഫ്രിസ് ലിവർപൂളിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.
ബയേൺ ഞെട്ടി
സാൽസ് ബുർഗിന്റെ തട്ടകമായ റെഡ്ബുൾ അരീനയിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരും ഒന്നാം നമ്പർ ജർമ്മൻ ടീമുമായ ബയേൺ മ്യൂണിക്കിനെ അക്ഷരാർത്ഥത്തിൽ ആതിഥേയർ ഞെട്ടിച്ചുകളഞ്ഞു. മത്സരത്തിന്റെ 21-ാം മിനിട്ടിൽ തന്നെ അദാമുവിലൂടെ സാൽസ്ബുർഗ് മുന്നിലെത്തി. സാൽസ്ബുർഗിന്റെ ചരിത്ര ജയം പ്രതീക്ഷിച്ചിരിക്കെ നിശ്ചിത സമയത്തിന്റെ അവസാന നിമിഷം 90-ാം മിനിട്ടിൽ കിംഗ്സ്‌ലി കോമാനിലൂടെ ബയേൺ സമനില കൊണ്ട് തടിതപ്പുകയായിരുന്നു.
2-ാം പാദമത്സരങ്ങൾ ലിവറിന്റെ തട്ടകമായ ആൻഫീൽഡിലും ബയേണിന്റെ മൈതാനമായ അല്ലിയൻസ് അരീനയിലും മാർച്ച് 9ന് ഇന്ത്യൻ സമയം പുലർച്ചെ 1.30 മുതൽ നടക്കും.