
കൊച്ചി: രാജ്യാന്തര സ്വർണവില എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഔൺസിന് 1,900 ഡോളർ കടന്നു. ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള വില 30.21 ഡോളർ വർദ്ധിച്ച് 1,900.11 ഡോളറിലെത്തി. 2021 ജൂണിനുശേഷം കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
റഷ്യ-യുക്രെയിൻ സംഘർഷം വീണ്ടും വഷളായേക്കുമെന്ന സൂചനകളെ തുടർന്ന് ഇന്നലെ അമേരിക്കൻ ഓഹരി വിപണി കനത്തനഷ്‌ടം നേരിട്ടിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ന് ഇന്ത്യയടക്കം മറ്റുവിപണികളിലേക്കും പർന്നേക്കും.
ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് റഷ്യ. യുക്രെയിനുമായി യുദ്ധമുണ്ടായാൽ ക്രൂഡ് വിതരണം തടസപ്പെടും. ഇപ്പോൾത്തന്നെ, ആഗോള ഡിമാൻഡിനനുസരിച്ച് ക്രൂഡോയിൽ വിപണിയിൽ എത്താത്തതിനാൽ വില ഏഴുവർഷത്തെ ഉയരത്തിലാണ്.
റഷ്യ-യുക്രെയിൻ സംഘർഷം ഫലത്തിൽ ആഗോള സമ്പദ്‌മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമായി നിക്ഷേപകർ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വിലക്കുതിപ്പിന് കാരണം.
കേരളത്തിൽ ഇന്ന്
വില കുതിച്ചേക്കും
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമാണ് വില. കഴിഞ്ഞവാരം ഔൺസിന് 1,864 വരെയെത്തിയ രാജ്യാന്തരവില 1,854ലേക്ക് കുറഞ്ഞതാണ് കേരളവിലയിലും പ്രതിഫലിച്ചത്.
എന്നാൽ...
കേരളത്തിൽ ഇക്കഴിഞ്ഞ ബുധനാഴ്‌ച സ്വർണവിലയിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഭീമ ഉൾപ്പെടുന്ന എ.കെ.ജി.എസ്.എം.എ ഗ്രാമിന് 4,680 രൂപ വിലയിട്ടപ്പോൾ മലബാർ ഗോൾഡ് അടക്കം ചില ജുവലറിക്കാർ 4,550 രൂപയാണ് ഈടാക്കിയത്. ഇന്നലെ ഒരേവിലയിലായിരുന്നു കച്ചവടം; ഗ്രാമിന് 4,580 രൂപ.
രാജ്യാന്തരവില നോക്കുമ്പോൾ ഇന്ന് കേരളത്തിൽ വില വലിയതോതിൽ കൂടണം. എന്നാൽ, ജുവലറികളുടെ വിലനിർണയം എങ്ങനെയാകുമെന്ന് കണ്ടറിയണം.