
ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി കർണാടക. കേരളത്തിൽ നിന്നുള്ള യാത്രക്കാർ കർണാടക അതിർത്തിയിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് കർണാടക ഒഴിവാക്കിയത്. കേരളത്തെ കൂടാതെ ഗോവയിൽ നിന്നുള്ള യാത്രക്കാർക്കും ഈ ഇളവുകൾ ലഭിക്കും.
അതേസമയം കേരളത്തിൽ നിന്നും ഗോവയിൽ നിന്നുമുള്ള യാത്രക്കാർ സംസ്ഥാന അതിർത്തി കടക്കുമ്പോൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരുമെന്നും കേരള, ഗോവ യാത്രക്കാർ ഈ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും അധികൃതർ വ്യക്തമാക്കി. റോഡ്, ട്രെയിൻ, വിമാന മാർഗം വരുന്ന യാത്രക്കാർക്കെല്ലാം ഈ നിർദ്ദേശം ബാധകമായിരിക്കും.