basavraj-bommai

ബംഗളൂരു: ചെങ്കോട്ടയിൽ കാവിക്കൊടി ഉയരുമെന്ന് പ്രസ്താവനിച്ച മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കർണാടക നിയമസഭയിൽ കോൺഗ്രസ് ദേശീയ പതാകയുമായി പ്രതിഷേധിച്ചത് ദേശീയപതാകയോട് കാണിക്കുന്ന അനാദരവാണെന്ന് കമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

'ദേശീയ പതാക ഉപയോഗിക്കുന്നതിന് ചില നിബന്ധനകളുണ്ട്. ബഹുമാനത്തോടെ വേണം ദേശീയ പതാക ഉപയോഗിക്കാൻ. എന്നാൽ കോൺഗ്രസ് അത് ലംഘിച്ചു. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുന്നു.'– ബസവരാജ് ബൊമ്മൈപറഞ്ഞു. ഈശ്വരപ്പയുടെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

ചെങ്കോട്ടയിൽ ഉടൻ കാവിക്കൊടി ഉയരുമെന്ന് ഈശ്വരപ്പ പറഞ്ഞില്ല, 300–500 വർഷത്തിനുള്ളിൽ എന്നാണ് പറഞ്ഞത്. അത് ചിലപ്പോൾ നടക്കാം, നടക്കാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയ പതാകയെ തങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നിയമപരമായി ഈശ്വരപ്പ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാകില്ലെന്നും ബൊമ്മെ പറഞ്ഞു.