paislee-shultis

ന്യൂയോർക്ക് : രണ്ട് വർഷങ്ങൾക്ക് മുമ്പ് കാണാതായ കുട്ടിയെ വീട്ടിലെ കോണിപ്പടിയ്ക്ക് താഴെയുണ്ടായിരുന്ന രഹസ്യഅറയിൽ കണ്ടെത്തി. ന്യൂയോർക്കിലെ സോഗർറ്റീസിലാണ് സംഭവം. 2019ലാണ് അന്ന് 4 വയസുണ്ടായിരുന്ന പെയ്‌സ്‌ലീ ഷൽറ്റിസ് എന്ന പെൺകുട്ടിയെ കാണാതായത്. എന്നാൽ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ അവരുടെ വീട്ടിലെ കോണിപ്പടിയ്ക്ക് താഴെയുള്ള രഹസ്യ അറയിൽ ഒളിപ്പിച്ചത്.

കുട്ടിയുടെ സംരക്ഷണാവകാശം തങ്ങൾക്ക് നഷ്ടമാകുമെന്നായതോടെയാണ് കുട്ടിയെ ഒളിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. കുട്ടിയുടെ മുത്തച്ഛന്റെ വീടാണത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയത് മാതാപിതാക്കൾ തന്നെയായിരുന്നു. എന്നാൽ, സംശയം തോന്നിയ അന്വേഷണോദ്യോഗസ്ഥർ പലതവണ ഈ വീട്ടിൽ പരിശോധനകൾ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല.

എന്നാൽ, കുട്ടി വീട്ടിൽ തന്നെയുണ്ടെന്ന സൂചന ലഭിച്ചതോടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ബേസ്മെന്റിലേക്കുള്ള കോണിപ്പടിയുടെ ഒരു ഭാഗത്ത് വിള്ളലുകൾക്കിടെയിലൂടെ ഒരു പുതപ്പ് പുറത്തേക്ക് കാണപ്പെട്ടു. തടികൊണ്ട് തീർത്ത കോണിപ്പടികൾ ഓരോന്നായി ഇളക്കി മാറ്റവെ കുട്ടിയുടെ കാലുകൾ ദൃശ്യമായി. ഇതോടെ കൂടുതൽ പടികൾ നീക്കം ചെയ്തപ്പോഴാണ് ഉള്ളിലെ രഹസ്യഅറയിൽ പെയ്‌സ്‌ലീയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.

പെയ്‌സ്‌ലീയുടെ മൂത്ത സഹോദരിയുടെ സംരക്ഷണാവകാശവും മാതാപിതാക്കളായ കിംബർലിയ്ക്കും കിർക്കിനും നഷ്ടമായിരുന്നു. എന്തുകൊണ്ടാണ് അധികൃതർ കുട്ടികളുടെ സംരക്ഷണാവകാശം മാതാപിതാക്കൾക്ക് നിഷേധിച്ചതെന്ന് വ്യക്തമല്ല. നിലവിൽ പെയ്‌സ്‌ലീയുടെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ല. കുട്ടിയെ മാതാപിതാക്കൾ ഉപദ്രവിച്ചിരുന്നില്ലെന്നും വ്യക്തമായി. മാതാപിതാക്കൾക്കും മുത്തച്ഛനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.