
ദുബായ്: യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിൽ മൂലധന നിക്ഷേപവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ് സേവനം ലഭ്യമാക്കുന്ന സാൻഡ് ബാങ്കിന്റെ പ്രവർത്തനം ഉടൻ തുടങ്ങും.
യൂസഫലിക്ക് പുറമേ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, ആഗോള നിക്ഷേപസ്ഥാപനമായ ഫ്രാങ്ക്‌ളിൻ ടെമ്പിൾടൺ, യു.എ.ഇയുടെ അൽ-ഹെയിൽ ഹോൾഡിംഗ്, ദുബായ് ആസ്ഥാനമായ അൽ സയ്യാ ആൻഡ് സൺസ് ഇൻവെസ്‌റ്റ്‌മെന്റ്‌സ് തുടങ്ങിയവയും ബാങ്കിൽ മൂലധന നിക്ഷേപം നടത്തുന്നുണ്ട്. സാൻഡ് ചെയർമാൻ മൊഹമ്മദ് അലാബർ, സഹസ്ഥാപകനും സി.ഇ.ഒയുമായ ഒളീവർ ക്രെസ്‌പിൻ എന്നിവരും ഓഹരി പങ്കാളികളാണ്.
കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയിലും എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തമുണ്ട്.