
പാനൂർ: വള്ളങ്ങാട് സ്വദേശി എം. ഹരീന്ദ്രന്റെ കാഞ്ചിപുരം എന്ന വീട് സസ്യവൈവിദ്ധ്യങ്ങളുടെ കൂടാരം തന്നെയാണ്. അന്യം നിന്നു പോകുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനായി വിശ്രമമില്ലാതെ മിനക്കെടുന്ന ഈ അദ്ധ്യാപകൻ ഇലയറിവുകളുടെ വലിയ പ്രചാരകൻ കൂടിയാണ്.
മാഷുടെ തോട്ടത്തിലെ നാനാതരം ചീരകളുടെ ശേഖരം കണ്ടാൽ ആരും അമ്പരക്കും. ചെഞ്ചീര, തങ്കച്ചീര, ചക്കര ചീര, വ്ലാത്താങ്കരചീര, അരുണോദയം ചീര, നെയ് ചീര, ബസള ചീരാ, സുന്ദരിച്ചീര, സാമ്പാർ ചീര, തോട്ടച്ചീര, പീനി ചീര, മെക്സിക്കൻ ചീര എന്നിങ്ങനെ പേരുകൾ നീളും. പൊന്നാങ്കണ്ണി, മുരിങ്ങയില, കോവയില , വേള, കൊടുത്തുവ മുത്തിൾ തുടങ്ങി 40ഓളം ഇലക്കറികളുടെ സംരക്ഷകൻ കൂടിയാണ്.
47സെന്റ് സ്ഥലത്ത് 39 ഓളം പ്ളാവുകളുണ്ട്. തേൻ വരിക്ക, വരിക്ക, വിവിധ തരം പഴംചക്കകൾ. തെങ്ങിൻ തടത്തിൽ പ്ലാവ് വളർത്തുന്നത് ശരിയല്ലെന്ന് പലരും പറഞ്ഞെങ്കിലും ഹരീന്ദ്രൻ കേട്ടില്ല. എന്നാൽ ജലാംശം നിലനിർത്താൻ പ്ലാവിനു കഴിയുന്നതു കൊണ്ട് തെങ്ങിന് നല്ല കായ്ഫലമുണ്ടാകുന്നു എന്നതാണ് തന്റെ അനുഭവമെന്ന് ഇദ്ദേഹം പറയുന്നു.
വീട്ടുമുറ്റത്തിന് ചുറ്റിലും ചെടിചട്ടികളിലും ഗ്രോ ബാഗുകളിലും വളർത്തുന്ന ചേന, ചേമ്പ്, കാച്ചിൽ, വിവിധ തരം മധുര കിഴങ്ങുകൾ എന്നിവയുമുണ്ട്. പുരയിടത്തിലെ ഒന്നര സെന്റിൽ മിയാവാക്കി വനമാണ് മറ്റൊരു അത്ഭുതം. വിവിധ തരം പൂമ്പാറ്റകൾ, തേനീച്ച, സൂചിമുഖി പോലുള്ള പക്ഷികൾ എന്നിവയുടെ താവളം കൂടിയാണിവിടം.ചിറ്റമൃത്, ശതാവരി, അരൂത , മുക്കുറ്റി, ചങ്ങലം പരണ്ട, പുളിയാറില , നോനി , നിലപ്പന, മുറികൂടി തുടങ്ങി അൻപതിലധികം ഔഷധച്ചെടികളുമുണ്ട് ഈ തൊടിയിൽ.
കൃഷ്ണ തുളസി, രാമതുളസി, കർപ്പൂര തുളസി, കാട്ടുതുളസി, വേഫർ തുളസി, മധുര തുളസി എന്നിങ്ങനെ തുളസികളുടെ വൈവിദ്ധ്യം വേറെ. ചെങ്കദളി, രസകദളി, ക്ഷേത്രകദളി,പൂവൻ, നേന്ത്രൻ ,മണ്ണൻ , വെണ്ണിറ്റാം പൂവൻ , നെയ് പൂവൻ, അടയ്ക്ക പൂവൻ, എന്നിങ്ങനെ വിവിധയിനം വാഴകളും ഇവിടെയുണ്ട്. മികച്ച പൂന്തോട്ടവും ജൈവപച്ചക്കറിയും ഈ വീടിനോട് ചേർന്നുനിൽക്കുന്നു.
ഇലക്കറികളെ അറിഞ്ഞുമടങ്ങാം
വീട്ടിലെത്തുന്നവർക്ക് ചീരയിലയും ഇലക്കറികളും പരിചയപ്പെടുത്തുന്നതും കൊടുത്തുവിടുന്നതും ഈ അദ്ധ്യാപകന്റെ ശീലമാണ്.ജൈവകർഷക അവാർഡ് ജേതാവ്, ഭാരതീയ പ്രകൃതി റിസേഴ്സ് പേഴ്സൺ, ഇലയറിവ് പ്രചാരകൻ, ആകാശവാണിനിലയം കർഷിക പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്നുണ്ട് ഹരിന്ദ്രൻ. ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന ഭാര്യ രാഗിണിയും മക്കളായ ഹൃദ്രാഗും ഹൃദ്യന്യയും പൂർണപിന്തുണയുമായി ഇദ്ദേഹത്തോടൊപ്പമുണ്ട്.