
കൊൽക്കത്ത: 1970ലെ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവും ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായ സുർജിത്ത് സെൻ ഗുപ്ത അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് പോസിറ്റിവായതിനെത്തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.ഇന്നലെ ആരോഗ്യ സ്ഥിതി വളരെ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 1951 ഓഗസ്റ്റ് 30നായിരുന്നു അദ്ദേഹത്തിന്റെ ജനനം.കിദ്ദെർപോറെ ക്ലബിലൂടെയാണ് കളിജീവിതം ആരംഭിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ സുവർണകാലഘട്ടത്തിലെ നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം 1970കളിൽ ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഫുട്ബാൾ ലീഗ് കിരീടം നേടിയപ്പോൾ മദ്ധ്യനിരയിൽ കളി നിയന്ത്രിച്ചിരുന്നത് സുർജിത്ത് ആയിരുന്നു. ഐ.എഫ്.എ ഷീൽഡ് കിരീടങ്ങളും 3 ഡ്യൂറന്റ് കപ്പും അദ്ദേഹം ഈസ്റ്റ് ബംഗാളിനൊപ്പം നേടി. മോഹൻബഗാനും മുഹമ്മദൻസ് സ്പോർട്ടിംഗിനുമായും ബൂട്ടണിഞ്ഞിട്ടുണ്ട്. വിരമിച്ച ശേഷം മാധ്യമ പ്രവർത്തകനായ അദ്ദേഹം ആജ്കൽ ദിനപത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ടിച്ചു.