
ലണ്ടൻ : ഡെൽറ്റയുടേയും ഒമിക്രോണിന്റേയും സംയോജിത സ്വഭാവം പ്രകടിപ്പിക്കുന്ന കൊവിഡ് വകഭേദമായ ഡെൽറ്റാക്രോണിന്റെ സാന്നിദ്ധ്യം യു.കെയിൽ സ്ഥിരീകരിച്ചു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഡെൽറ്റ, ഒമിക്രോൺ വകഭദേങ്ങൾ ഒരേ സമയം ബാധിച്ച രോഗിയിലാണ് ഇവയുടെ ഹൈബ്രിഡ് രൂപമെന്ന് കരുതുന്ന ഡെൽറ്റാക്രോൺ രൂപപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇത് യു.കെയിൽ തന്നെ ഉത്ഭവിച്ചതാണോ വിദേശത്ത് നിന്ന് എത്തിയതാണോ എന്ന അന്വേഷണം നടക്കുകയാണ്. ഡെൽറ്റക്രോൺ എത്രത്തോളം തീവ്രമാണെന്നും വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയെ മറികടക്കുമോ എന്നും ഇപ്പോൾ വ്യക്തമല്ലെന്ന് ഗവേഷകർ പറയുന്നു.
കഴിഞ്ഞ വർഷം അവസാനം സൈപ്രസിലാണ് ആദ്യമായി ഡെൽറ്റാക്രോൺ സ്ഥിരീകരിച്ചത്. 25 ഡെൽറ്റാക്രോൺ കേസുകൾ അവിടെ തിരിച്ചറിഞ്ഞിരുന്നു. ഡെൽറ്റ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഡെൽറ്റാക്രോണിനുള്ളത്.
അതേ സമയം, ഡെൽറ്റാക്രോൺ പുതിയ വകഭേദമല്ലെന്നും ലാബിലുണ്ടായ മലിനീകരണത്തിന്റെ ഫലമാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഒരു വ്യക്തിയിൽ തന്നെ കൊവിഡിന്റെ വ്യത്യസ്ത വകഭേദങ്ങൾ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.