petropolis

സാവോ പോളോ : ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്ത് പെട്രോപൊലിസിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപ്പൊട്ടലുകളിലും മരിച്ചവരുടെ എണ്ണം ഒടുവിൽ ലഭ്യമായ കണക്ക് പ്രകാരം 104 ആയി ഉയർന്നു. കനത്ത ഉരുൾപ്പൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. വാഹനങ്ങൾ കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോയി. തെരുവുകൾ പലതും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റെക്കോഡ് മഴയാണ് പ്രദേശത്ത് പെയ്തത്. ഒരു മാസം കൊണ്ട് പെയ്യേണ്ടത്ര മഴയാണ് മൂന്ന് മണിക്കൂർ കൊണ്ട് ലഭിച്ചത്. 269 ഉരുൾപ്പൊട്ടലുകൾ പെട്രോപൊലിസിലുണ്ടായതായി ബ്രസീലിലെ സിവിൽ ഡിഫൻസ് സെക്രട്ടേറിയറ്റ് അറിയിച്ചു. അടിഞ്ഞുകൂടിയ ചെളി മണ്ണിനും അവശിഷ്ടങ്ങൾക്കുമിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 439 ലേറെ പേർക്ക് വീടുകൾ നഷ്ടമായി. നൂറുകണക്കിന് പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേ സമയം, കാണാതായവരെ സംബന്ധിച്ച കൃത്യമായ കണക്ക് ഇപ്പോഴും അവ്യക്തമാണ്. 30 ലേറെ പേരെ കാണാനില്ലെന്നാണ് വിവരം. റിയോ ഡി ജനീറോയ്ക്ക് വടക്കൻ മലനിരകളിലാണ് ' ഇംപീരിയൽ സിറ്റി " എന്നറിയപ്പെടുന്ന പെട്രോപൊലിസ് സ്ഥിതി ചെയ്യുന്നത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം മുതൽ തെക്കൻ ബ്രസീലിലെ വിവിധ ഭാഗങ്ങളിൽ റെക്കോഡ് മഴയാണ് പെയ്തത്. ഈ മാസം ആദ്യം സാവോ പോളോയിൽ കനത്ത മഴയിൽ 24 പേർ മരിച്ചിരുന്നു.