mobile-hackers

ജയ്‌പൂർ: ബിസിനസുകാരനായ രാകേഷ് തടുക്കയുടെയും സുഹൃത്തിന്റെയും മൊബൈലിൽ റേഞ്ച് കിട്ടിതായി. തുടർന്ന് അതേ നമ്പറുകളിൽ പുതിയ സിം കാർഡെടുത്തു. രണ്ടുദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇരുവരും ഞെട്ടി! അക്കൗണ്ടിലുണ്ടായിരുന്ന 64 ലക്ഷം രൂപ കാണാനില്ല. ഫോൺ ഹാക്ക് ചെയ്ത് സൈബർ മോഷണസംഘം പണം തട്ടിയെന്നാണ് നിഗമനം.

രാകേഷ് തടുക്ക ജയ്‌പൂർ സൈബർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് രാകേഷ് തടുക്കയുടെ മൊബൈൽ ഫോണിന് റേഞ്ച് നഷ്ടപ്പെട്ടു. തന്റെ ബിസിനസ് പങ്കാളിയുടെ ഫോണിലും ഇതേ പ്രശ്നം കണ്ടെത്തി. അടുത്ത ദിവസം ടെലികോം കമ്പനിയുടെ ഓഫീസിലെത്തിയപ്പോൾ സിം തകരാറാണെന്നും പുതിയ സിം വാങ്ങിയിട്ടാൽ മതിയെന്നും കമ്പനി സ്റ്റാഫ് പറഞ്ഞു. തുടർന്ന് അതേ നമ്പറിൽ പുതിയ സിം കാർഡുകൾ വാങ്ങി. പിന്നീട് ഓൺലൈൻ ബാങ്കിങ് ആപ്പ് വഴി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ നോക്കിയപ്പോൾ ലോഗിൻ ചെയ്യാനായില്ല. രാകേഷ് തടുക്കയുടെ സ്വകാര്യ അക്കൗണ്ടിനും ഇതേ പ്രശ്നം നേരിട്ടു. സംശയം തോന്നി ബാങ്കിന്റെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈനിൽ വിളിച്ച്, അന്വേഷിച്ചപ്പോഴാണ് 64 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് അറിയുന്നത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 300 രൂപയും തടുക്കയുടെ അക്കൗണ്ടിൽ 700 രൂപയുമാണ് ബാക്കിയുണ്ടായിരുന്നത്.

കേസിൽ അന്വേഷണം നടന്നുവരികയാണെന്നും രണ്ട് മൊബൈൽ ഫോണുകളും വിശദമായി പരിശോധിച്ചാൽ മാത്രമേ ഹാക്കിങ്ങിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. സാങ്കേതിക വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുന്നതായി എസ്.എച്ച്.ഒ സതീഷ് ചന്ദ് പറഞ്ഞു.

'ഒരേസമയം രണ്ട് മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സാധ്യതയും തള്ളിക്കളയാനാവില്ല' പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.