
കൊച്ചി: ഇന്ത്യയും യു.എ.ഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (കോംപ്രഹെൻസീവ് എക്കണോമിക് പാർട്‌ണർഷിപ്പ് എഗ്രിമെന്റ് - സി.ഇ.പി.എ) ഇന്ന് ഒപ്പുവയ്ക്കും. കഴിഞ്ഞ സെപ്‌തംബറിൽ ആരംഭിച്ച ചർച്ചകൾ റെക്കാഡ് വേഗത്തിൽ പൂർത്തിയാക്കിയാണ് കരാർ യാഥാർത്ഥ്യമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സന്നിഹിതനാകുന്ന വിർച്വൽ ഉച്ചകോടിയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്‌ദുള്ള ബിൻ തൗക്ക് അൽ മാറിയുമാണ് കരാറിൽ ഒപ്പുവയ്ക്കുക. 2020-21ൽ ഇരുരാജ്യങ്ങളും തമ്മിലെ മൊത്തം വ്യാപാരമൂല്യം 4,330 കോടി ഡോളറായിരുന്നു. ഇതിൽ 1,667 കോടി ഡോളറാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി. യൂറോപ്യൻ യൂണിയൻ, യു.കെ., ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയവയുമായും കേന്ദ്രസർക്കാർ സ്വതന്ത്ര വ്യാപാരക്കരാറിനായി ചർച്ചകൾ നടത്തുന്നുണ്ട്.
ഇന്ത്യയ്ക്ക് വലിയ നേട്ടം
അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളിയാണ് യു.എ.ഇ. കയറ്റുമതി ഉത്‌പന്നങ്ങൾക്ക് നികുതിയിളവ് നേടാനും ഒട്ടേറെ ഉത്‌പന്നങ്ങൾക്ക് യു.എ.ഇയിൽ വിപണി കണ്ടെത്താനും വ്യാപാരക്കരാർ ഇന്ത്യയ്ക്ക് സഹായകമാകും.
 കൊവിഡിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരമൂല്യം 5,900 കോടി ഡോളറിന്റേതായിരുന്നു. അഞ്ചുവർഷത്തിനകം ഇത് 10,000 കോടി ഡോളറിൽ എത്തിക്കുകയാണ് കരാറിന്റെ ലക്ഷ്യം.
കയറ്റുമതിക്ക് ഊർജം
ആഭരണ കയറ്റുമതിയിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വിപണിയാണ് യു.എ.ഇ. സംസ്കരിച്ച പെട്രോളിയം, മൊബൈൽഫോൺ, വജ്രം, ഇരുമ്പ്, സ്‌റ്റീൽ, ഓർഗാനിക് കെമിക്കൽ, ധാന്യങ്ങൾ, വെസലുകൾ എന്നിവയും ഇന്ത്യ വൻതോതിൽ യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആഭരണ കയറ്റുമതി വർദ്ധിപ്പിക്കാൻ കരാർ സഹായിക്കും. വസ്‌ത്രം, ഭക്ഷ്യോത്‌പന്നങ്ങൾ എന്നിവയ്ക്കും കരാർ വലിയസാദ്ധ്യതകൾ നൽകുന്നു.
ഇറക്കുമതി
സ്വർണം, വജ്രം, ക്രൂഡോയിൽ, പ്ളാസ്റ്റിക്, ചെമ്പ്, അലുമിനിയം തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ യു.എ.ഇയിൽ നിന്ന് വാങ്ങുന്നത്. സ്വർണം ഇറക്കുമതിയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ സ്രോതസാണ് യു.എ.ഇ.
വ്യാപാരക്കണക്ക്
ഇന്ത്യയും യു.എ.ഇയും തമ്മിലെ വ്യാപാരമൂല്യം. ബ്രായ്ക്കറ്റിൽ യു.എ.ഇയുമായുള്ള ഇന്ത്യയുടെ വ്യാപാരമിച്ചം/കമ്മി. തുക കോടിയിൽ)
 2017-18 : $4,987 (+$641)
 2018-19 : $5,990 (+$34)
 2019-20 : $5,910 (-$140)
 2020-21 : $4,330 (-$995)
 2021-22*: $5,196 (-$1,166)
(*ഏപ്രിൽ-ഡിസംബറിലെ കണക്ക്)