
തിരുവനന്തപുരം∙ ഗവർണർക്കു ചാൻസലർ പദവി നൽകേണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാർശ ചെയ്യാൻ നിയോഗിച്ച മദൻമോഹൻ പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. 2016ൽ കമ്മിഷൻ ശുപാർശ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനായി അയച്ചിരുന്നു.
ഗവർണർക്കു ഭരണഘടനാപരമായ അധികാരത്തിൽ തുടരാമെന്നും എന്നാൽ ചാൻസലർ പദവി ഭരണഘടനയ്ക്കു പുറത്തുള്ള അധികാരമാണെന്നുമാണു സർക്കാർ വ്യക്തമാക്കിയത്. രാജ്യസഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സർക്കാരാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
കമ്മിഷൻ ശുപാർശകളെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ അഭിപ്രായം റിപ്പോർട്ടായി നൽകാൻ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഗവർണറുടെ പ്രവർത്തനം സംസ്ഥാന സർക്കാരുകളുടെ താത്പര്യത്തിനു വിധേയമായിരിക്കണമെന്നായിരുന്നു നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ചാൻസലർ പദവി ഗവർണർക്കു നൽകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.