kottayam-pradeep

കോട്ടയം : കോട്ടയം പ്രദീപ് എന്ന നടൻ സിനിമയിൽ തുടക്കമിട്ടത് 1999ൽ ഐ.വി. ശശി ചിത്രമായ ' ഈ നാട് ഇന്നലെ വരെ' യിലൂടെയാണ്. ഇന്ന് റിലീസാവുന്ന മോഹൻലാൽ ചിത്രമായ ആറാട്ടാണ് പ്രദീപിന്റെ അവസാന സിനിമ.

ഈ നാട് ഇന്നലെ വരെയിൽ നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷത്തിലാണ് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പല തരത്തിലുള്ള വേഷങ്ങൾ ലഭിച്ചു. 'തട്ടത്തിൻ മറയത്തി'ലെ പൊലീസ് വേഷം ശ്രദ്ധേയമായി. ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ രാജാ റാണി, നൻപനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2009ൽ ഗൗതം മേനോന്റെ 'വിണ്ണൈത്താണ്ടി വരുവായ ' എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് വഴിത്തിരിവായി. ഗൗതം മേനോന് മുന്നിൽ ഓഡിഷനു പോയ പ്രദീപിന് അവിചാരിതമായി അവസരം ലഭിക്കുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി കൂടുതൽ അവസരങ്ങളെത്തി. ആ സിനിമ ഹിന്ദി, തെലുങ്ക് ഭാഷകളിലെടുത്തപ്പോഴും നായികാനായകന്മാർ മാറിയെങ്കിലും അമ്മാവന്റെ വേഷം പ്രദീപിനായിരുന്നു. ഊണ് മേശയ്ക്കടുത്തിരുന്ന് 'കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്, കഴിച്ചോ കഴിച്ചോ' എന്ന ഡയലോഗ് തരംഗമായി. ആ ഒറ്റ ഡയലോഗാണ് തന്റെ തലവര മാറ്റിയതെന്ന് പ്രദീപ് പറയുമായിരുന്നു. 'മരുമക്കൾ മാറിക്കോട്ടെ, അമ്മാവൻ മാറണ്ട' എന്ന ഗൗതം മേനോന്റെ തീരുമാനമാണ് പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കിയത്.
കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

.