edhen-apple-tom

തിരുവനന്തപുരം: ക്രിക്കറ്റിൽ ഇന്ത്യ ഒന്നാകെ ഉറ്റുനോക്കിയിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്. കൊവിഡ് കാരണം ഉടലെടുത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രധാന ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫി ആരംഭിച്ചതായിരുന്നു അതിന് കാരണം. അതു പോലെ കേരള ക്രിക്കറ്റും ഉറ്റുനോക്കിയിരുന്ന ദിവസം കൂടിയായിരുന്നു ഇന്ന്. ഒത്തുകളി വിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് മടങ്ങിയെത്തുന്നുവെന്നതായിരുന്നു അതിന് പിന്നിൽ.

എന്നാൽ ഇന്ന് മേഘാലയയ്ക്ക് എതിരായ മത്സരത്തിൽ ആരാധകരുടെ മനം കവർന്നത് കേരളത്തിന്റെ ഫാസ്റ്റ് ബൗളറായ ഏഥൻ ആപ്പിൾ ടോം എന്ന് പതിനാറുകാരൻ പയ്യനായിരുന്നു. കേരള ടീമിലെ ഏറ്റവും വേഗം കൂടിയ ബൗള‌ർമാരിൽ ഒരാളായ ഏഥന്റെ വേഗത്തിന് പിന്നിൽ മേഘാലയ താരങ്ങൾ ഒന്നൊന്നായി പുറത്താകുകയായിരുന്നു. നാല് വിക്കറ്റാണ് ഇന്നത്തെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഏഥൻ സ്വന്തമാക്കിയത്.

ഏഥന്റെ പ്രകടന മികവ് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. എട്ട് വർഷം മുമ്പ് ഷാർജയിൽ വച്ച് മുൻ കേരള ക്യാപ്ടൻ സോണി ചെറുവത്തൂരാണ് ഏഥനിലെ കൊച്ചു മിടുക്കനെ കണ്ടെത്തുന്നത്. തുടക്കത്തിൽ റോംഗ് ഫൂട്ടിൽ പന്തെറിഞ്ഞിരുന്ന ഏഥന്റെ ബൗളിംഗിലെ പാളിച്ച ആദ്യ ദിവസം തന്നെ തിരുത്തിയിരുന്നെന്ന് സോണി ചെറുവത്തൂർ കേരള കൗമുദിയോട് പറഞ്ഞു. പക്ഷേ പിൽക്കാലത്ത് സോണി കേരളത്തിലേക്ക് തന്റെ ക്രിക്കറ്റ് പരിശീലനം മാറ്റിയപ്പോൾ ഏഥന്റെ പരിശീലനവും അവതാളത്തിലായി. എന്നാൽ മകന്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ആപ്പിൾ ടോം ഒരു തീരുമാനം എടുത്തു. മകന് വേണ്ടി തിരുവനന്തപുരത്തേക്ക് മാറുക. അങ്ങനെ ടോം ഷാർജയിലെ തന്റെ ജോലി ഉപേക്ഷിച്ച് ഏഥനുൾപ്പെടെയുള്ള തന്റെ മൂന്ന് മക്കളോടൊപ്പം തിരുവനന്തപുരത്തെ സോണി ചെറുവത്തൂരിന്റെ അക്കാഡമിയുടെ മുകളിൽ തന്നെ ഒരു വീട് എടുത്ത് താമസം ആരംഭിച്ചു. ഷാർജ എയർപോർട്ടിൽ ഉദ്യോഗസ്ഥയായ ഏഥന്റെ അമ്മ അവിടെ തന്നെ തുടർന്നു.

മൂന്ന് വർഷം മുമ്പ് തിരുവനന്തപുരത്ത് എത്തിയ ഏഥൻ വളരെ വേഗം ഇവിടത്തെ സാഹചര്യങ്ങളുമായി ഇണങ്ങിയെന്ന് സോണി പറയുന്നു. "സാധാരണ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ നമ്മൾ പാഡോ ഹെൽമറ്റോ ഒന്നും വയ്ക്കാറില്ല. പക്ഷേ ഇദ്ദേഹത്തിന്റെ പന്തുകൾ നേരിടുമ്പോൾ രണ്ട് ഹെൽമറ്റ് എങ്കിലും വയ്ക്കണമെന്ന് ഞങ്ങൾ തമാശയ്ക്ക് പറയുമായിരുന്നു," സോണി പറയുന്നു. ഏഥന്റെ പന്തുകൾ ദേഹത്ത് കൊള്ളുമ്പോൾ നല്ല വേദനയുണ്ടായിരുന്നെന്നും ഇത് പിച്ചിന്റെ കുഴപ്പം കൊണ്ടാണെന്ന് മറ്റ് പരിശീലകർ പരാതി പറഞ്ഞതിനെ തുടർന്ന് അക്കാഡമിയിലെ പിച്ച് ലക്ഷങ്ങൾ ചെലവിട്ട് പുതുക്കി പണിതിരുന്നെന്നും സോണി ഓർക്കുന്നു. "പിച്ച് പുതുക്കി പണിതതിനു ശേഷം ഏഥന്റെ പന്തുകൾ ദേഹത്ത് കൊള്ളുമ്പോൾ വേദന കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു. പുള്ളി പന്തെറിയുമ്പോൾ മാത്രമേ ഈ പ്രശ്നം ഉള്ളൂ എന്ന് പിന്നീടാണ് പരിശീലകർക്കും മനസിലായത്," സോണി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഏഥന്റെ ക്രിക്കറ്റ് ജീവിതത്തെ ഓർത്തുള്ള ടെൻഷനെകാളും കൂടുതൽ തന്നെ അലട്ടിയിരുന്നത് അവന്റെ പഠനമായിരുന്നെന്ന് സോണി പറയുന്നു. അണ്ടർ 19 ടീമിൽ സെലക്ഷൻ കിട്ടുമെന്ന് കരുതിയിട്ട് അത് കിട്ടാത്ത നിരാശയിലായിരുന്നു. ഏഥൻ പത്താം ക്ളാസിലും പഠിക്കുകയാണ്. നല്ല മാ‌ർക്ക് കിട്ടുമോ എന്നത് പോയിട്ട് ജയിക്കുമോ എന്ന പോലും ഉറപ്പില്ല. ടീം സെലക്ഷനോ കിട്ടിയില്ല പഠിത്തമെങ്കിലും നടക്കട്ടെ എന്ന് കരുതി അദ്ധ്യാപിക കൂടിയായ തന്റെ ഭാര്യയുടെ സഹായം സോണി തേടി. അദ്ധ്യാപന ജീവിതത്തിൽ നന്നായി പഠിക്കുന്ന കുട്ടികളെ മാത്രം കണ്ട് ശീലിച്ചിട്ടുള്ള തന്റെ ഭാര്യയ്ക്ക് പുതിയൊരു അനുഭവമായിരുന്നു ഏഥൻ നൽകിയതെന്ന് സോണി ചിരിച്ചു കൊണ്ട് പറയുന്നു.

കഴിഞ്ഞ ആറ് ഏഴ് മാസങ്ങളായി ഷാനവാസ് എന്ന അത്ലറ്റിക് കോച്ചിന് കീഴിൽ ഏഥൻ നടത്തിയ ഫിറ്റ്നസ് പരിശീലനം താരത്തിന് വളരെയേറ പ്രയോജനപ്പെട്ടതായി കരുതുന്നതായി സോണി പറഞ്ഞു. 16 വയസ് മാത്രമുള്ളതിനാൽ ഇതുവരെയായും വെയിറ്റ് ട്രെയിനിംഗ് ഒന്നും ചെയ്യിച്ചിട്ടില്ലെന്നും എന്നാൽ കുറച്ചു നാളുകളായി ഏഥന് ജിം ട്രെയിനിംഗ് ആരംഭിച്ചിരുന്നതായും പരിശീലകൻ പറഞ്ഞു. അതിന്റെ ഫലമായി വേഗത്തിലും ഫിറ്റ്നസിലും ഒരുപാട് മെച്ചപ്പെട്ടെന്നും അതിന്റെയെല്ലാം ഫലം ഇനിയും കാണാൻ സാധിക്കുമെന്നും സോണി വ്യക്തമാക്കി.