
രഞ്ജി ട്രോഫിയിൽ കേരളത്തിന് മേഘാലയക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ്
അരങ്ങേറ്റം ഗംഭീരമാക്കി കൗമാര താരം ഏദൻ ആപ്പിൾ ടോം 4 വിക്കറ്റ് നേടി
ശ്രീശാന്തും മിന്നി, രോഹന് സെഞ്ച്വറി രാഹുലും തിളങ്ങി
രാജ്കോട്ട്: അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി പതിനാറുകാരൻ ഏദൻ ആപ്പിൾ ടോം വരവറിയിച്ച മേഘാലയക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം കേരളത്തിന്റെ സമ്പൂർണ മേധാവിത്വം. ഏദന്റെ നേതൃത്വത്തിൽ ബൗളർമാർ നിറഞ്ഞാടിയപ് പോൾ മേഘാലയ ഒന്നാം ഇന്നിംഗ്സിൽ 148 റൺസിന് ഓൾഔട്ടായി. തുടർന്ന് ഒന്നാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിട്ടുണ്ട്. ട്വന്റി-20 ശൈലിയിൽ ബാറ്റ് വീശി സെഞ്ച്വറിനേടിയ രോഹൻ എസ്. കുന്നുമ്മലിന്റെ ബാറ്റിംഗാണ് കേരള ഇന്നിംഗ്സിലെ ഹൈലൈറ്റ്.
91 റൺസുമായി ഓപ്പണർ പി.രാഹുലും 4 റൺസെടുത്ത് ജലജ് സക്സേനയുമാണ് ക്രീസിൽ. 9 വിക്കറ്റ് ബാക്കിയിരിക്കെ കേരളത്തിന് 57 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി. 97 പന്തിൽ 17 ഫോറും 1 സിക്സും ഉൾപ്പെടെ 107 റൺസടിച്ചെടുത്ത ശേഷമാണ് ചിരാഗ് ഖുറാനയുടെ പന്തിൽ രവി തേജയ്ക്ക് ക്യാച്ച് നൽകി രോഹൻ പുറത്തായത്. വെറും 73 പന്തിലാണ് രോഹൻ സെഞ്ച്വറി തികച്ചത്. രോഹനും രാഹുലും ഒന്നാം വിക്കറ്റിൽ 214 പന്തിൽ 201 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നേരത്തെ ടോസ് നേടിയ കേരളം മേഘാലയയെ ബാറ്റിംഗിന് അയ്കുകയായിരുന്നു. വെറും 40.5 ഓവറിൽ കേരളം മേഘാലയയെ പുറത്താക്കി. ടീം സ്കോർ 10ൽ വച്ച് ഓപ്പണർ ക്യാൻഷിയുടെ കുറ്റിതെറിപ്പിച്ച് മനുകൃഷ്ണനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മറ്റൊരു ഓപ്പണർ കിഷനെ (26) എറിഞ്ഞ ആദ്യ പന്തിൽ പുറത്താക്കി ഏദനും മിന്നിയതോടെ മേഘാലയ പരുങ്ങലിലായി.
9 ഓവറിൽ 2 മെയ്ഡനടക്കം 41 റൺസ് വിട്ടുകൊടുത്താണ് ഏദൻ 4 വിക്കറ്റ് വീഴ്ത്തിയത്. മനുകൃഷ്ണൻ മൂന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീശാന്ത് 2വിക്കറ്റും വീഴ്ത്തി. മേഘാലയ ബാറ്റർമാരിൽ പുനീത് ബിഷ്തിന് (93) മാത്രമേ പിടിച്ചു നിൽക്കാനായുള്ലൂ.