
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വകാര്യ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കാനുള്ള നീക്കം തമിഴ്നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. വീട് വാങ്ങാനായി അനുവദിച്ച 68 കോടിയോളം രൂപ തിരിച്ചെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അണ്ണാ ഡി.എം.കെ സർക്കാരാണ് 2017ൽ വേദനിലയം സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി 68 കോടി വകയിരുത്തി.
എന്നാൽ, ജയയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് നൽകി. വീട് ഇവർക്ക് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി വിധിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമായിരുന്നു വിധി. തുടർന്നാണ് വീട് ഏറ്റെടുക്കേണ്ടതില്ലെന്ന് ഡി.എം.കെ സർക്കാർ തീരുമാനിച്ചത്.
100 കോടിയോളം രൂപ മൂല്യം കണക്കാക്കുന്ന ഈ വീട് 1960കളുടെ അവസാനത്തിൽ ജയലളിതയുടെ മാതാവ് വേദവല്ലിയാണ് വാങ്ങിയത്.