kk

ന്യൂഡല്‍ഹി: ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മേധാവിയായിരുന്ന ചിത്ര രാമകൃഷ്ണന്‍ കമ്പനിയുടെ രഹസ്യവിവരങ്ങള്‍ ഹിമാലയത്തിലെ അജ്ഞാത യോഗിക്ക് കൈമാറിയതായുള്ള കണ്ടെത്തലില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചേക്കും. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇ-മെയിലിലൂടെ ചിത്ര രാമകൃഷ്ണന്‍ കൈമാറിയതായാണ് സെബിയുടെ കണ്ടെത്തൽ.

അജ്ഞാത യോഗിയുടെ നിർദ്ദേശ പ്രകാരമാണ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ചിത്ര രാമകൃഷ്ണന്‍ തീരുമാനിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016ല്‍ ചിത്ര രാമകൃഷ്ണന്‍ എന്‍.എസ്.ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കമ്പനിയുടെ അതീവ രഹസ്യസ്വഭാവമായ വിവരങ്ങള്‍ ഉള്‍പ്പെടെ അജ്ഞാത യോഗിക്ക് കൈമാറിയതായും ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

20 വര്‍ഷം മുന്‍പ് ഗംഗയുടെ തീരത്ത് വച്ചാണ് സിദ്ധ പുരുഷ് എന്ന് വിളിക്കുന്ന അജ്ഞാത യോഗിയെ ചിത്ര രാമകൃഷ്ണന്‍ ആദ്യമായി കാണുന്നത്. വ്യക്തിപരവും ജോലി സംബന്ധവുമായ കാര്യങ്ങള്‍ക്ക് ചിത്ര അജ്ഞാത യോഗിയുടെ സഹായം തേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ സംബന്ധിച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ അജ്ഞാത യോഗിയെ തിരിച്ചറിയുന്നതിന് അന്വേഷണത്തിന് ഉത്തരവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.