
മോസ്കോ : യുക്രെയിനും പാശ്ചാത്യശക്തികളും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതിനിടെ ക്രൈമിയ ഉപദ്വീപിൽ നിന്ന് കൂടുതൽ ട്രൂപ്പുകളെ പിൻവലിച്ചതായി റഷ്യ ഇന്നലെ അറിയിച്ചു. സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റിൽ നിന്നുള്ള സൈനിക യൂണിറ്റാണ് പരിശീലനം പൂർത്തിയാക്കി മടങ്ങുന്നത്. അതേ സമയം, സേനാപിന്മാറ്റം നാറ്റോയും യു.എസും യുക്രെയിനും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. റഷ്യൻ ട്രൂപ്പുകൾ ശരിക്കും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിനെ സേനാപിന്മാറ്റമെന്ന് പറയാനാകില്ലെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി പറഞ്ഞു. 2014ലാണ് റഷ്യ ക്രൈമിയ ഉപദ്വീപ് യുക്രെയിനിൽ നിന്ന് പിടിച്ചെടുത്തത്.
ട്രൂപ്പുകളെ പിൻവലിക്കുന്നെന്ന റഷ്യൻ വാദം കള്ളമാണെന്ന് അമേരിക്ക പ്രതികരിച്ചു. യുക്രെയിൻ അതിർത്തിയിൽ 7,000 ട്രൂപ്പുകളെ കൂടി റഷ്യ അധികം വിന്യസിച്ചതായി വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രൂപ്പുകളെ പിൻവലിക്കുന്നതായി പറയുന്നുണ്ടെങ്കിലും എത്ര സൈനികരാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് റഷ്യ വ്യക്തമാക്കുന്നില്ല. ഏത് നിമിഷവും യുക്രെയിന് ആക്രമിക്കാൻ റഷ്യ ഒരു കപടന്യായം പ്രയോഗിക്കുമെന്നാണ് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്.
 നഴ്സറിയ്ക്ക് നേരെ ഷെല്ലാക്രമണം
കീവ് : കിഴക്കൻ യുക്രെയിനിൽ സ്റ്റാനിറ്റ്സിയ ലുഹാൻസ്കയിൽ നഴ്സറിയ്ക്ക് നേരെ ഷെല്ലാക്രമണം. ഡോൺബാസ് മേഖലയിലെ റഷ്യയുടെ പിന്തുണയിലുള്ള വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയിൻ ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. അതേ സമയം, യുക്രെയിൻ ഭാഗത്ത് നിന്ന് തങ്ങളുടെ നേരെയും ഷെല്ലാക്രമണമുണ്ടായെന്ന് ഡോൺബാസിലെ വിമതരും ആരോപിച്ചു.
 സൈനിക സാന്നിദ്ധ്യം വർദ്ധിക്കുന്നു ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
മോസ്കോ : യുക്രെയിൻ അതിർത്തിയിൽ നിന്ന് ട്രൂപ്പുകളെ പിൻവലിക്കാൻ തുടങ്ങിയെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതിർത്തിയിൽ സൈനിക സന്നാഹം ഇപ്പോഴും റഷ്യ വർദ്ധിപ്പിക്കുകയാണെന്ന തരത്തിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ബെലറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ വർദ്ധിച്ച സൈനിക സാന്നിദ്ധ്യമാണ് ഉപഗ്രഹ ചിത്രങ്ങളിൽ. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എസിന്റെ മാക്സർ ഉപഗ്രഹം പകർത്തിയ ചിത്രങ്ങളിൽ പുതിയ മിലിട്ടറി പാലം കണ്ടെത്തി. ബെലറൂസ് - യുക്രെയിൻ അതിർത്തിയിൽ നിന്ന് വെറും ആറ് കിലോമീറ്റർ അകലെ പ്രിപ്യാറ്റ് നദിയ്ക്ക് കുറുകെയാണിത്. ബെലറൂസിൽ പീരങ്കി യൂണിറ്റുകളും ഹെലികോപ്ടറുകളും ഉൾപ്പെടെ പരിശീലനത്തിലുണ്ട്. ക്രൈമിയയിൽ കരിങ്കടൽ തീരത്തോട് ചേർന്ന ഒപക് ട്രെയിനിംഗ് ഏരിയയിൽ ട്രൂപ്പുകളും ആയുധങ്ങളും ഇപ്പോഴും വിന്യസിക്കപ്പെട്ടിരിക്കുകയാണ്. യുക്രെയിനിന്റെ വടക്ക്, വടക്ക് കിഴക്കൻ മേഖലകളിലാണ് റഷ്യ സൈനിക വിന്യാസം വർദ്ധിപ്പിച്ചിരിക്കുന്നത്.