rahul-gandhi

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടെ, കർണാടകത്തിൽ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലുള്ള വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾ കൈകോർത്തുപിടിച്ച് നടക്കുന്നതിന്റെ ചിത്രം പങ്കുവച്ച് രാഹുൽഗാന്ധി. ദേശീയ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രം പങ്കുവച്ച് 'നമ്മൾ ഒന്നിച്ച് നിൽക്കും, എന്റെ ഇന്ത്യ' എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്നത്തിലാക്കി രാജ്യം അവരുടെ ഭാവി കവർന്നെടുക്കുകയാണെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു.

ഇതിനിടെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വാദം തുടരുകയാണ്. വാദം കേൾക്കലിന്റെ അഞ്ചാംദിനമായ ഇന്നലെ ഒരു മണിക്കൂറോളം മാത്രമേ വാദം നടന്നുള്ളൂ. കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും കേൾക്കും.

എ.ജി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വാദം നേരത്തെ അവസാനിപ്പിച്ചത്. വാദത്തിനിടെ ഒരു അഭിഭാഷകൻ മദ്ധ്യസ്ഥതയ്ക്ക് ശ്രമം നടത്തണമെന്ന് നിർദേശിച്ചു. എന്നാൽ ഭരണഘടനാ പരമായ വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ എങ്ങനെ മദ്ധ്യസ്ഥത നടത്താനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.