up

ലക്‌നൗ: ഉത്തർപ്രദേശിലെ ഖുഷി നഗർ ജില്ലയിൽ വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ആഘോഷത്തിനിടെ കിണറ്റിൽ വീണ് ഒരു കുട്ടിയടക്കം 13 സ്ത്രീകൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായ പരിക്കേറ്റു. നെബുവ നൗരംഗിയ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.

കല്യാണത്തിന് മുന്നോടിയായി വധുവിനെ മഞ്ഞളിൽ കുളിപ്പിക്കുന്ന ചടങ്ങാണ് ഹൽദി. ഇതിന്റെ ഭാഗമായി കിണറിന് സമീപം പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കിണറിന് ചുറ്റുമുള്ള കമ്പിവേലി തകർന്ന് സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ളവർ കിണറ്റിൽ വീണെന്നാണ് റിപ്പോർട്ട്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാ‍ർ 18 സ്ത്രീകളെ രക്ഷപ്പെടുത്തി. വധുവിന്റെ ബന്ധുക്കളും അയൽവാസികളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ,​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപവീതവും പരിക്കേറ്രവർക്ക് 50,​000 രൂപ വീതവും അനുവദിച്ചു.മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപവീതം അടിയന്തര ധനസഹായം നൽകുമെന്ന് ഖുഷി നഗർ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.