shreyas-iyer

കൊൽക്കത്ത: ബുധനാഴ്ച ശ്രേയസ് അയ്യറിനെ സംബന്ധിച്ച് സമിശ്രവികാരങ്ങളുടെ ദിവസമായിരുന്നു. ഐ പി എൽ ലേലത്തിൽ കോടികൾ സ്വന്തമാക്കിയതിന് പിന്നാലെ കൊൽക്കത്തയുടെ ക്യാപ്ടനായി ശ്രേയസ് അയ്യറിനെ ഇന്നലെ നിയമിച്ചിരുന്നു. അതിന്റെ സന്തോഷത്തിൽ ആയിരുന്ന ശ്രേയസിനെ തേടി വൈകുന്നേരം ആയപ്പോൾ ആ വാ‌ർത്തയെത്തി. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി ട്വന്റിയിൽ ശ്രേയസ് ഉണ്ടാകില്ലെന്ന വാ‌ർത്തയായിരുന്നു അത്. എന്നാൽ അതിനുള്ള കാരണമായിരുന്നു ശ്രേയസിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി. അടുത്ത ടി ട്വന്റി ലോകകപ്പ് ലക്ഷ്യമിട്ട് കെട്ടിപ്പടുക്കുന്ന ടീമിൽ ശ്രേയസിന് പകരം മദ്ധ്യനിരയിൽ ഒരു ഓൾറൗണ്ടറെയാണ് ടീം നോക്കുന്നത്.

മത്സരശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ക്യാപ്ടൻ രോഹിത് ശർമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഇത് ശ്രേയസിനോട് നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നെന്ന് രോഹിത് പറഞ്ഞു. ആദ്യ ടി ട്വന്റിയിൽ ശ്രേയസിനെ തഴഞ്ഞ ടീം മാനേജ്മെന്റ് ഷോട്ടുകളിൽ വൈവിധ്യം പുല‌ർത്തുന്ന സൂര്യകുമാർ യാദവിനെയും ഓൾറൗണ്ടറായ വെങ്കിടേഷ് അയ്യറിനെയുമാണ് പരിഗണിച്ചത്. രണ്ട് പേരും ആദ്യ ടി ട്വന്റിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഷോർട്ട് പിച്ച് ബാളുകൾ നേരിടുമ്പോൾ ശ്രേയസ് പതറുന്നതും ടീം മാനേജ്മെന്റ് ഗൗരവപൂർവം കണക്കിലെടുത്തിരുന്നു. ടീമിന്റെ പരിശീലക സംഘം വേഗത കൂടിയ പന്തുകൾ നേരിടുമ്പോഴുള്ള ശ്രേയസിന്റെ പിഴവുകൾ തിരുത്താനുള്ള ശ്രമത്തിലാണെന്നും എന്നാൽ ഇത് സമയം എടുക്കുന്ന പ്രക്രിയയാണെന്നും രോഹിത് കൂട്ടിച്ചേ‌ർത്തു. ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് വെസ്റ്റിൻഡീസ് പരമ്പര ഉൾപ്പെടെയുള്ള ടി ട്വന്റികളെ ഇന്ത്യ കാണുന്നതെന്ന് വ്യക്തം. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യറിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് ക്യാപ്ടൻ രോഹിത് ശ‌ർമ്മയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.