
രഞ്ജി ട്രോഫിയിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് സ്വപ്ന സമാനമായ തുടക്കം സ്വന്തമാക്കിയിരിക്കുകയാണ് കേരള ക്രിക്കറ്റിലെ പുത്തൻ സെൻസേഷൻ ഏദൻ ആപ്പിൾ ടോം എന്ന പതിനാറുകാരൻ. പ്രായവും പരിചയവും ഏറെ കുറവുള്ള തന്നിൽ ടീമും മാനേജ്മെന്റും അർപ്പിച്ച വിശ്വാസം ഏദൻ കാത്തുസൂക്ഷിച്ചു. എറിഞ്ഞ ആദ്യ പന്തിൽ തുടങ്ങിയ വിക്കറ്റ് വേട്ടയിൽ ഏദന് മുന്നിൽ മുട്ടുമടക്കിയത് നാല് പേർ. ശ്രീശാന്തും ബേസിൽ തമ്പിയും ഉൾപ്പെട്ട ബൗളിംഗ് നിരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടവുമായാണ് ഏദൻ തിരിച്ചുകയറിയത്. ചരിത്രം കുറിച്ച അരങ്ങേറ്റത്തിലെ ആദ്യദിനത്തെ കളിക്ക് ശേഷം ഏദൻ കേരള കൗമുദിയോട് സംസാരിക്കുന്നു.
സർപ്രൈസ്
നെറ്റ്സിൽ പന്തെറിയാൻ പോയി കേരളത്തിന്റെ രഞ്ജി ടീമിൽ ഉൾപ്പെട്ടതും സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കളിക്കാനായതും വലിയ സർപ്രൈസാണ്. ഞാൻ വലിയൊരു ദൈവ വിശ്വാസിയാണ്. എല്ലാം ദൈവാനുഗ്രഹം. എന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവും.
ആത് ഉറപ്പിച്ചിരുന്നു
എറിയുന്ന ആദ്യ പന്തിൽ തന്നെ വിക്കറ്റ് എടുക്കണം എന്ന് നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു. ന്യൂബാളോ ഓൾഡോ ബാളോ, എറിയാൻ എപ്പോൾ വിളിച്ചാലും ബൗൾഡോ എൽബിയോ എന്തുമായാലും ആദ്യ പന്തിൽ വിക്കറ്റ് നേടിയിരിക്കണം എന്ന് പ്ലാൻ ചെയ്തിരുന്നു. അത് നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. പിച്ചിൽ നിന്നും നല്ല പിന്തുണ ലഭിച്ചു.
നീ നിന്നെ കാണിച്ചു കൊടുക്ക്
ബാൾ നൽകി ക്യാപ്ടൻ സച്ചിൻ ചേട്ടൻ എന്നോട് പറഞ്ഞു. നീ എന്താണെന്ന് അവരെ കാണിച്ചു കൊടുക്ക്. ഒരു പരിഭ്രമവും പേടിയും വേണ്ട.ഒരിക്കലും ഉൾവലിയരുതെന്നും ക്യാപ്ടൻ പറഞ്ഞു. പരിശീലനത്തിൽ ഒക്കെ പുറത്തെടുത്ത പോലെ എറിഞ്ഞ് തകർക്കാനാണ് ശ്രീശാന്തേട്ടൻ നൽകിയ ഉപദേശം.
നല്ല തുടക്കം
തുടക്കം നന്നായതിൽ വലിയ സന്തോഷം. ഇനി ബാറ്റിംഗിലാണ് ശ്രദ്ധ. അതിന് ശേഷം രണ്ടാം ഇന്നിംഗ്സിലും മികതവ് തുടരണം. കൈവിടുപോയ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കണം.
ആ മത്സരം
വഴിത്തിരിവായി
രഞ്ജി ട്രോഫി ക്യാമ്പിൽ നെറ്റ്സിൽ പന്തെറിയാൻ വിളിച്ചത് തന്നെ വലിയ നേട്ടമായിരുന്നു. ക്യാമ്പിന്റെ അവസാന ദിനം ഒരു മത്സരം ഉണ്ടായിരുന്നു. നെറ്റ്സിലെ ബൗളിംഗ് കണ്ട് സച്ചിൻ ചേട്ടൻ എന്നോട് മത്സരത്തിൽ പന്തെറിയാൻ ആവശ്യപ്പെട്ടു. നന്നായി എറിയാൻ കഴിഞ്ഞത് തുണയായി. മത്സരം കഴിഞ്ഞ് എല്ലാവരേയും വിളിച്ച് ടീം പ്രഖ്യാപിച്ചപ്പോൾ ഞാനും ഉണ്ടെന്നറിഞ്ഞ് ഞെട്ടിപ്പോയി.
പഠിത്തം
ഓപ്പൺ സ്കൂളാണ്. എല്ലാ ദിവസവും വൈകിട്ട് ക്ലാസുണ്ട്. പത്തനംതിട്ടയാണ് തറവാടെങ്കിലും ദുബായിൽ നിന്ന് വന്ന ശേഷം തിരുവനന്തപുരത്താണ് താമസം.
ദൈവവും സോണി സാറും പിന്നെ പപ്പയും
എനിക്ക് ഏറ്റവും കടപ്പാട് ദൈവത്തോടാണ്. അത് കഴിഞ്ഞാൽ സോണി ചെറുവത്തൂർ സാറിനോട്. അദ്ദേഹമാണ് എന്നെ ഇവിടെവരെയെത്തിച്ചത്. സ്വന്തം ജോലി പോലും ഉപേക്ഷിച്ച് എന്റെ ഇഷ്ടത്തിന് പൂർണ പിന്തുണനൽകിയ പപ്പ ആപ്പിൾ ടോമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദുബായിൽ ആയിരിക്കുമ്പോൾ പപ്പ കളിക്കാൻ പോകുന്നത് കണ്ടാണ് 7 വയസു മുതൽ ക്രിക്കറ്റിനോട് ഇഷ്ടം തോന്നുന്നത്. ലവ് ഓൾ സ്പോർട്സ് അക്കാഡമിയിലെ സുകേഷ് ചേട്ടൻ, കാർത്തിക് ചേട്ടൻ എന്നിവരും ഏറെ സഹായിച്ചു.