
പത്തനംതിട്ട : കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു കെ (46), കൊല്ലം പത്തനാപുരം പിറവന്തൂർ പൂവൻ മുന്നൂർ ശ്യാംകുമാർ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തൻവിളയിൽ ഗോപേഷ് കുമാർ (41) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വെളുപ്പിന് 1.20നാണ് സംഭവം. കൊടുമൺ പൊലീസ് രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. കെ ഏൽ 80 /1965 നമ്പറുള്ള പിക്ക് അപ്പ് വാനിൽ പ്രതികൾ ഇരുമ്പുകമ്പികളും മറ്റും കയറ്റുകയായിരുന്നു. പൊലീസ് ജീപ്പ് കണ്ട ഇവർ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലിസ് പിന്തുടർന്നു. വയർലെസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതോടെ .1.40 ന് കൂടൽ മുറിഞ്ഞകൽ മരുതിക്കാലയിൽ വച്ച് വാഹനംതടഞ്ഞു. രണ്ടുപേർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു ഓടിപ്പോയവർ വാനിന്റെ താക്കോൽ കൊണ്ടുപോയതിനാൽ കൂടലിൽ നിന്ന് ക്രയിൻ വരുത്തിയാണ് വാഹനം കൊടുമൺ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് എസ് ഐ അനൂപ് ചന്ദ്രനും, സംഘവും ചന്ദനപ്പള്ളി ഭാഗത്തുനിന്ന് മറ്ര് പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ശ്യാം കുമാറാണ് പിക്ക് അപ്പ് ഓടിച്ചത്. അന്വേഷണ സംഘത്തിൽ എസ് .ഐ അനിൽ കുമാർ, എ .എസ് .ഐ സന്തോഷ്, എസ്. സി. പി .ഒാമാരായ സക്കറിയ, രാജേഷ്, ബിജു, പ്രദീപ്, ശ്രീജിത്ത്, ശരത് എന്നിവരും ഉണ്ടായിരുന്നു.