
ഏറ്റുമാനൂർ:ബാർ ഹോട്ടലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. അതിരമ്പുഴയിൽ ചൊവ്വാഴ്ച രാത്രി 10ഓടെയാണ് സംഭവം. ഏറ്റുമാനൂർ തവളക്കുഴി ചുക്കനാനിൽ ജഗൻ ഫിലിപ്പ് ജോസി (37)നാണ് പരിക്കേറ്റത്. ബാർ ഹോട്ടലിൽനിന്നും സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങി വന്ന ജഗനെ ഹോട്ടലിനു മുന്നിലെ പാർക്കിംഗ് ഏരിയായിൽ അതിരമ്പുഴ സ്വദേശികളായ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. കൈകാലുകൾക്കും തലയ്ക്കും സാരമായി പരിക്കേറ്റ ജഗനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച ശേഷമുണ്ടായ തർക്കത്തിന്റെ പേരിലാണ് സംഘർഷമുണ്ടായതെന്നും ജഗൻ പല കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. അതിരമ്പുഴ സ്വദേശികളായ അഞ്ച് പേർക്കെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.