
പാലാ: നിരവധിപേർ നോക്കി നിൽക്കേ പാലാ ജനറൽ ആശുപത്രി ജംഗ്ഷനിലെ വെയിറ്രിംഗ് ഷെഡിന് മുൻവശം ഹൈവേയിൽ ബൈക്കഭ്യാസം നടത്തിയ രണ്ട് വിദ്യാർത്ഥികളെ പാലാ പൊലീസ് പിടികൂടി. 'ഫ്രീക്കൻ 'മാരുടെ ഇടയിൽ അറിയപ്പെടുന്ന 'വീലി' അഭ്യാസം (ബൈക്കിന്റെ ഫ്രണ്ട് വീൽ പൊക്കി ഒറ്റവീലിൽ ഓടിക്കുന്ന അഭ്യാസം) നടത്തി ഷൈൻ ചെയ്യാൻ ശ്രമിച്ചവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് സ്കൂളുകളും കോളേജുകളും വിട്ട സമയത്തായിരുന്നു ഇവരുടെ അഭ്യാസം. ഏറെ വാഹനത്തിരക്കുള്ള റോഡിൽ വാഹനങ്ങൾക്കിടയിലൂടെയായിരുന്നു ഇവരുടെ വീലി പ്രകടനം.
ഇത് കണ്ടുനിന്ന ആരോ ദൃശ്യം ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതിനെ തുടർന്ന് പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തിൽ ക്രൈംസ്ക്വാഡ് അംഗങ്ങളായ ഷെറിൻ സ്റ്റീഫൻ, സി. രഞ്ജിത്ത് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പൂവരണിക്കടുത്തുള്ള രണ്ടുപേരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഇവർക്കെതിരെയും ഇവരുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. ബൈക്കിന്റെ രജിസ്റ്റേർഡ് ഉടമ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് നസീമിനെതിരെയും കേസെടുത്തിട്ടുണ്ട്. ബൈക്ക് നമ്പർ വ്യാജമാണെന്നും പൊലീസ് പറഞ്ഞു.
ലൈസൻസ് ഇല്ലാതെ അപകടകരമായ നിലയിൽ പൊതുവഴിയിൽ വാഹനമോടിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ കേസ്. ഇവരെ ആദ്യം പിടികൂടിയപ്പോൾ വാഹനം ആരുടേതാണെന്ന് അറിയില്ലെന്നും വിളക്കുംമരുതിന് സമീപം പന്തുകളിക്കാൻ വന്ന ഒരു യുവാവിന്റെ ബൈക്ക് എടുത്ത് ഓടിച്ചു പോകുകയാണ് ഉണ്ടായതെന്നുമായിരുന്നു വിദ്യാർത്ഥികളുടെ മൊഴി. എന്നാൽ വിളക്കുമാടത്തുള്ള ഒരാൾ അടുത്തിടെ ഈരാറ്റുപേട്ട സ്വദേശിയിൽ നിന്നും വാങ്ങിയതാണ് ഈ ബൈക്കെന്ന് പൊലീസിന് വിവരം കിട്ടി. പക്ഷേ വണ്ടിയുടെ രജിസ്ട്രേഷൻ മാറിയിരുന്നില്ല.