
കൊച്ചി: അസുഖബാധിതനായ കുഞ്ഞിനെ ചികിത്സിച്ച മന്ത്രവാദിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ജാർഖണ്ഡ് കുച്ചായി സ്വദേശി ലോറൻസ് സാമന്ദ് (നരേൻ സാമന്ദ് -27) ആണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. സംഭവശേഷം ഗോവയിലേക്കും അവിടെ നിന്ന് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. ജാർഖണ്ഡ് പൊലീസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലോറൻസ് വലയിലായത്. പേരും ഊരും മാറ്റി കാക്കനാട് വാഴക്കാലയിൽ കൂലപ്പണി ചെയ്തുവരികയായിരുന്നു. സാരേക്കാല കർസവാൻ ജില്ലയിലെ 70കാരനായ മന്ത്രവാദിയെയാണ് ലോറൻസ് വകവരുത്തിയത്.
അസുഖബാധിതായ കുഞ്ഞിനെ മന്ത്രവാദി ചികിത്സിച്ചെങ്കിലും രോഗം മാറിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ തല്ലിക്കൊല്ലുകയായിരുന്നു. 2021ലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ഗോവയിലേക്ക് കടന്നു. അവിടെയും പേരുമാറ്രിയാണ് കഴിഞ്ഞിരുന്നത്. പൊലീസ് പികൂടുമെന്നായപ്പോൾ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. തൃക്കാക്കരയിൽ കൂലിപ്പണിയെല്ലാം ചെയ്താണ് കഴിഞ്ഞിരുന്നത്. പൊലീസ് പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നവർ പോലും ഇയാൾ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജുവിന് ലഭിച്ച വിവരം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബിക്ക് കൈമാറി. തുടർന്ന് തൃക്കാക്കര സി.ഐ ആർ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറണ്ട് വാങ്ങിയശേഷം പ്രതിയ ജാർഖണ്ഡ് പൊലീസിന് കൈമാറി.