
അറസ്റ്റിലായത് മൊത്തക്കച്ചവടക്കാരൻ
കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതികളിൽ ഒരാളായ ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദ്ദീൻ സേഠ് (56) എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മാസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിൽ മധുര സിക്കമംഗലത്തിന് നിന്നാണ് ഷംസുദ്ദീനെ പിടികൂടിയത്. പ്രതിയെ കൊച്ചിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ചെന്നൈ ട്രിപ്ലിക്കൻസിൽ തങ്ങിയ കാക്കനാട് കേസിലെ പ്രതികൾക്ക് എം.ഡി.എം.എ കൈമാറിയ മൊത്തക്കച്ചവടക്കാരനാണ് ഷംസുദ്ദീൻ. കേസിലെ 25ാം പ്രതിയാണിയാൾ. മലയാളികൾക്കടക്കം നിരവധിപ്പേർക്ക് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി.
ഷംസുദ്ദീനായി ചെന്നൈ കസ്റ്റംസ് യൂണിറ്രും അന്വേഷണം നടത്തിയിരുന്നു. സ്പെയിനിൽ നിന്നുൾപ്പെടെ ചെന്നൈ വിമാനത്താവളത്തിൽ എത്തുന്ന എം.ഡി.എം.എയാണ് ഇയാൾ ഉൾപ്പെടുന്ന സംഘം വിറ്റിരുന്നത്. കാക്കനാട് കേസിലെ പ്രതികളുടെ ഫോൺ കോളുകൾ, ബാങ്ക് രേഖകൾ എന്നിവയിൽ നിന്നാണ് ഷംസുദ്ദീന്റെ പങ്ക് തിരിച്ചറിഞ്ഞത്. നിരവധി തവണ എക്സൈസ് സംഘം ചെന്നൈയിലടക്കം തെരച്ചിൽ നടത്തിയെങ്കിലും ഷംസുദ്ദീനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുടുംബസമേതം ഒളിവിൽപോകുന്നതായിരുന്നു രീതി.
കാരക്കൽ, നാഗൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം മധുരയിലെ ബന്ധുവീട്ടിൽ എത്തിയതായി ക്രൈം ബ്രാഞ്ച് ജോയിന്റ് എക്സൈസ് കമ്മിഷണർ കെ.എ. നെൽസണിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ കുടുങ്ങിയത്. സർക്കിൾ ഇൻസ്പെക്ടർ കെ.വി സദയകുമാർ, എക്സൈസ് എൻസ്പെക്ടർ ടി.ജി കൃഷ്ണകുമാർ, പ്രവിന്റീവ് ഓഫീസർ എം.എ. യുസഫലി, ഷിജു ജോർജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഷംസുദ്ദീന്റെ അറസ്റ്റോടെ കാക്കനാട് കേസിൽ പിടിയിലായവരുടെ എണ്ണം 20 ആയി.