
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി ഉൾപ്പെടെ മൂന്ന് പേർ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ തൃശൂർ ചേലക്കര സ്വദേശി റഷീദ (37), ഗോ എയർ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം തെന്നല സ്വദേശി ഷെഫീഖ് (41), ഇതേ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി പള്ളിമണിയിൽ മഹാദേവൻ (28) എന്നിവരാണ് പിടിയിലായത്.
റഷീദയിൽ നിന്ന് 570 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പിടിച്ചെടുത്തത്. മാല വസ്ത്രത്തിനകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് 28 ലക്ഷം രൂപ വില വരും. ഷെഫീഖ്, മഹാദേവൻ എന്നിവരിൽ നിന്ന് 751 ഗ്രാം വീതം തൂക്കമുള്ള 1502 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 75 ലക്ഷം രൂപയോളം വിലവരും. ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരീരത്തിലെ സ്വകാര്യ ഭാഗത്താണ് ഇരുവരും ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള മൂന്ന് ക്യാപ്സ്യൂളുകൾ വീതമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മൂന്ന് പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്ത സ്വർണത്തിന് ആകെ 1.03 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.