
തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും ടോം ആന്റ് ജെറി കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റംവരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി. അധികാര തുടർച്ചക്ക് ബി ജെ പിയുമായി നേരിട്ട് ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തേ സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങൽ നാടകമാണെന്ന് ആരോപിച്ച അദ്ദേഹം ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയാണെന്നത് അടിവരയിടുന്നതാണ് ഗവര്‍ണറും സര്‍ക്കാരും ഇന്ന് നടത്തിയ നാടകമെന്നും പറഞ്ഞു.'ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണ് ഈ നാടകം. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവര്‍ണറെ നിയന്ത്രിക്കുന്നത്. സംഘപരിവാര്‍ പറയുന്നത് ആവര്‍ത്തിച്ച് പറയുന്ന ജോലിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്യുന്നത്. കൊടുക്കല്‍ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവര്‍ണറുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സര്‍ക്കാര്‍ ഫയലില്‍ എഴുതിച്ചേര്‍ത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്' സതീശൻ പറഞ്ഞു.