
തിരുവനന്തപുരം : തലസ്ഥാനത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം, ഇവരെ നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. തിരുവനന്തപുരത്ത് ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം. രാത്രി ഒരു മണിയോടെയാണ് ഇവിടെ സംഘർഷമുണ്ടായത്. മദ്യപിച്ച് ആളുകൾ ഇരു വിഭാഗമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് പൊലീസ് എത്തിയത്. ആറ്റുകാൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര ഇതുവഴി കടന്ന് പോകുന്നതിന് മുൻപാണ് സംഘർഷമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥരെയാണ് മദ്യപ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഫോർട്ട് സി ഐയ്ക്ക് തലയ്ക്ക് അടിയേറ്റു, മറ്റൊരു പൊലീസുകാരന് കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഘർഷ സ്ഥലത്ത് വൻ പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്.