
വാഷിംഗ്ടൺ : റഷ്യ യുക്രെയ്ൻ പ്രതിസന്ധിയിൽ ഐക്യരാഷ്ട്രസഭയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. യുദ്ധമുണ്ടാവുമെങ്കിൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കണമെന്ന അമേരിക്കൻ ആവശ്യത്തിന് കൂടിയാണ് ഇന്ത്യ മറുപടി നൽകിയത്. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ 'ക്രിയാത്മക നയതന്ത്ര'ത്തിനാണ് ഇന്ത്യ ആഹ്വാനം ചെയ്തത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തിയാണ് ഈ വിഷയത്തിൽ രാജ്യത്തിന്റെ ശബ്ദം ലോകത്തെ അറിയിച്ചത്.
റഷ്യ യുക്രെയ്ൻ പ്രതിസന്ധിയിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. പ്രതിസന്ധി ബാധിത മേഖലയിലും അതിനപ്പുറവും ദീർഘകാല സമാധാനവും സ്ഥിരതയും പ്രതീക്ഷിക്കുന്നതായും തിരുമൂർത്തി പറഞ്ഞു.
'അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന വലിയ താൽപര്യത്തിനായി പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഏത് നടപടികളും എല്ലാ കക്ഷികളും ഒഴിവാക്കുന്നതാണ് നല്ലത്. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം,' യുക്രെയിനുമായി ബന്ധപ്പെട്ട യുഎൻഎസ്സി യോഗത്തിൽ സംസാരിക്കവെ ടി എസ് തിരുമൂർത്തി പറഞ്ഞു. യുക്രെയിനിൽ 20,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരും താമസിക്കുന്നുണ്ട്. അതിനാൽ തന്നെ ഇന്ത്യാ ഗവൺമെന്റ് പ്രഥമ പരിഗണന നൽകുന്നത് പൗരന്മാരുടെ ക്ഷേമത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
2014ൽ യുക്രെയ്നിന്റെ ഭാഗമായ ക്രിമിയ റഷ്യ പിടിച്ചെടുത്തതിനുശേഷം യുഎൻ സുരക്ഷാ കൗൺസിൽ നിരവധി തവണ യോഗം ചേർന്നിരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ചൈന, യുണൈറ്റഡ് സ്‌റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ ഒന്നായി കൊണ്ടുവന്ന പ്രമേയങ്ങളിൽ റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുന്നതിനാൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ യുക്രെയിൻ വിഷയത്തിൽ റഷ്യയ്ക്ക് പിന്തുണയുമായി ചൈനകൂടി പരസ്യമായി രംഗത്ത് വന്നതോടെ ഐക്യരാഷ്ട്രസഭയിൽ റഷ്യയ്ക്ക് പ്രതികൂലമായ ഒരു തീരുമാനവും അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.