
തിരുവനന്തപുരം : ഇന്ന് നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിൽ കഴിഞ്ഞ ദിവസം ഒപ്പിടാതെ വൈകിപ്പിച്ച ഗവർണറുടെ നടപിടിയിൽ രൂക്ഷ വിമർശനവുമായി സി പി ഐ മുഖപത്രം. ജനയുഗത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഗവർണറെ രൂക്ഷമായി വിമർശിക്കുന്നത്.
കേരളാ ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ല അത് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ സ്വീകരിക്കുന്ന പൊതു സമീപനമാണ്. പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകളുടെ നയപരിപാടികളിൽ ഗവർണർമാരെ ഉപയോഗിച്ച് കൈകടത്താനാണ് മോദി സർക്കാരിന്റെ ശ്രമം. ഈ ശ്രമങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നുവെന്നും ജനയുഗം എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരുന്നത് വിലക്കിക്കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് ഭരണഘടനയുടേയും പാർലമെന്ററി കീഴ്വഴക്കങ്ങളുടെയും ലംഘനം മാത്രമല്ല അത് സംസ്ഥാന സർക്കാരിനോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. ഗവർണർ പദവി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അൽപത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. ഒറ്റക്കെട്ടായി ഈ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും അതല്ലാത്തപക്ഷം ഭരണഘടനയുടെ തകർച്ചയാവും ഫലമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.