
കോഴിക്കോട്: 12 വർഷം മുമ്പ് ജർമ്മനിയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ തോർബെന്റെയും മിച്ചിയുടെയും മനസിൽ ഒരൊറ്റ മോഹം മാത്രം. ലോകം ചുറ്റണം. അതിനായി താമസിക്കാനും സഞ്ചരിക്കാനും കഴിയുന്ന വാഹനം റെഡിയാക്കി. ഭക്ഷണം പാകം ചെയ്യാനും വാഹനത്തിൽ സൗകര്യം ഒരുക്കിയതോടെ യാത്രയ്ക്ക് പച്ചക്കൊടി . 90 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് എത്തിയപ്പോൾ ഓർമ്മിക്കാൻ ഒരു വിശേഷം കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്, മകന്റെ പിറന്നാൾ ദിനം കൂടിയായിരുന്നു ഇന്നലെ. ഡി.ടി.പി.സി നൽകിയ പിറന്നാൾ മധുരവും നുണഞ്ഞാണ് ഈ ജർമ്മൻ കുടുംബം വയനാടേക്ക് യാത്ര തിരിച്ചത്.
പലദേശങ്ങളിലൂടെ സഞ്ചരിച്ചെങ്കിലും ഏറ്റവും പ്രിയപ്പെട്ടത് ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണെന്ന് തോർബെനും മിച്ചിയും പറയുന്നു. മലയാളികളുടെ സ്‌നേഹം, കരുതൽ മറ്രെങ്ങും കിട്ടില്ല. മലയാളി 'സംതിംഗ് സ്‌പെഷ്യൽ ' എന്നാണ് ഇവരുടെ പക്ഷം. @hippie.trail എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ ഇതിനകം സഞ്ചരിച്ച രാജ്യങ്ങളുടെ ട്രാവൽ വ്‌ളോഗ് ഇരുവരും പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് എത്തിയതറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് ഇവരെ കാണാൻ ബീച്ചിൽ എത്തിയത്. കഴിഞ്ഞ നവംബറിലാണ് കേരളത്തിലെത്തുന്നത്. മൂന്നാർ, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വർക്കല, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. പ്രകൃതി സൗന്ദര്യവും ഗ്രാമഭംഗിയും സംസ്‌കാരവും വൈവിധ്യമുള്ള കാഴ്ചകളും എത്ര കണ്ടാലും മതിവരില്ലെന്നാണ് തോർബെൻ പറയുന്നത്. വയനാട്ടിൽ നിന്ന് തമിഴ്നാട്ടിലേക്കാണ് ഇനി ഇവരുടെ യാത്ര.