paint

കാശു കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങി. വേലിക്കൽ ഇരുന്ന പാമ്പിനെ എടുത്ത് കഴുത്തിലിട്ടു എന്നൊക്കെ പറഞ്ഞാൽ ഒതുങ്ങുന്ന കേസല്ല ഇത്. ആർഭാട വിവാഹങ്ങളെ പൊങ്ങച്ച കല്യാണമെന്നൊക്കെ പറഞ്ഞ് കളിയാക്കാം. എന്നാൽ കളിയല്ല കല്യാണം. സംഗതി പുലിവാൽ കല്യാണം എന്ന നിലയിലേക്ക് പുരോഗമിച്ചിരിക്കുന്നു. വധൂവരന്മാരെ ആംബുലൻസിൽക്കയറ്റി ആനയിച്ചത് ഭാവനയിലല്ല കായംകുളത്താണ്.

നാട്ടുംപുറത്തെ കല്യാണത്തലേന്ന് പന്തലിടാനും സദ്യവട്ടമൊരുക്കാനും അയൽക്കാരും നാട്ടുകാരും ഉത്സാഹിച്ചെത്തുന്ന പതിവൊക്കെ പഴങ്കഥയായി. അതിഥികളെ സ്വീകരിക്കുന്നത് മുതൽ വേണ്ടിവന്നാൽ അച്ഛനമ്മമാരെ വരെ വാടകയ്ക്ക് ഒരുക്കുന്ന ഇവന്റ് മാനേജ്മെന്റുകാർ അരങ്ങ് കീഴടക്കി. കല്യാണവീടുകളിൽ തലേന്ന് വൈകിട്ട് ഉച്ചഭാഷിണിയിലൂടെ ഒഴുകിവരാറുള്ള ഗ്രാമഫോൺ റെക്കോർഡ് ഗാനങ്ങളുടെ ആരവം ഒാർമ്മയിലുണരുന്നു. കല്യാണത്തലേന്നത്തെ ഒരുക്കങ്ങൾക്കും സൗജന്യ ശ്രമദാനങ്ങൾക്കും ആവേശം പകരുന്ന പാട്ടുകൾ. പിറ്റേന്നത്തെ സദ്യയ്ക്കുള്ള വട്ടത്തിന്റെ `വെട്ടിക്കൂട്ട് ' കൊണ്ട് ലളിതമായി ഒരുക്കുന്ന അത്താഴ ഉൗട്ടും അപ്രത്യക്ഷമായി. തലേന്നും പിറ്റേന്നും എല്ലാം കെങ്കേമം. പൊടിപൂരം!

കൊവിഡ് കാലം കല്യാണങ്ങൾക്കൊരു സമാധാനകാലമായിരുന്നു. നാട്ടിലെ കല്യാണമാമാങ്കങ്ങൾ അനുകരിക്കാൻ പാങ്ങില്ലാത്തവർക്കും പൊങ്ങച്ചക്കല്യാണങ്ങൾക്കായി അദ്ധ്വാനിച്ചുണ്ടാക്കിയത് പൊടിപൊടിക്കാൻ വൈമനസ്യമുള്ളവർക്കും ഉള്ളതുകൊണ്ട് ഒാണംപോലെ ഒതുക്കത്തിലായി കല്യാണങ്ങൾ. ഒമിക്രോൺ പിൻവാങ്ങിയതോടെ കല്യാണാഘോഷങ്ങളുടെ കെട്ടുപൊട്ടുന്നതായാണ് മലബാറിൽ നിന്നുള്ള വാർത്തകൾ. മാനമെടുത്ത്, ജീവനെടുത്ത് കല്യാണാഭാസങ്ങൾ അരങ്ങ് തിമർക്കുന്നു. മണിയറയ്ക്ക് പുറത്ത് അർദ്ധരാത്രി പൂരവെടിക്കെട്ട്. വധൂവരന്മാരെ ആനയിക്കാൻ കാളവണ്ടി, സ്വീകരിക്കാൻ ചെരിപ്പുമാല. മണിയറയിൽ നായ്‌ക്കുരണപ്പൊടി വിതറുക, വധൂവരന്മാരെ കാന്താരിജ്യൂസ് കുടിപ്പിക്കുക, വിവാഹ വസ്ത്രത്തിൽ സദ്യ വിളമ്പുക. തുടങ്ങിയവയൊക്കെ ചെറിയ പൊടിക്കൈകൾ. സദ്യയ്ക്ക് വറുത്തുപ്പേരിക്കുപകരം ബോംബു വിളമ്പുന്ന ആർഭാടത്തിലേക്കാണ് കണ്ണൂരിലെ കല്യാണാഭാസങ്ങൾ പുരോഗമിക്കുന്നത്. ഇന്ന് കണ്ണൂരെങ്കിൽ നാളെ കേരളം ഏറ്റുപിടിക്കും എന്ന് രാഷ്ട്രീയ ചുവരെഴുത്ത്.

മോഹവില കൊടുത്തുവാങ്ങുന്ന കല്യാണപ്പുടവ ഒന്നോ രണ്ടോ പ്രാവശ്യം ഉടുത്താലായി. പിന്നെ അലമാരയിൽ വിശ്രമം എന്നതാണ് നാട്ടുനടപ്പ്. കോടിമണം മായാത്ത ഇത്തരം കല്യാണസാരികൾ അലക്കിത്തേച്ച് പുതുമ മാറാതെ, വിലകൂടിയ ഇത്തരം സാരികൾ വാങ്ങാൻ ശേഷിയില്ലാത്തവർക്ക് സൗജന്യമായി കൈമാറുന്ന രീതിയെക്കുറിച്ച് വായിച്ചതോർക്കുന്നു.

ഒറ്റദിവസത്തെ കല്യാണപ്പൂത്തിരി കത്തിക്കാനായി ലക്ഷങ്ങൾ പൊടിക്കുന്ന പൊങ്ങച്ചകല്യാണങ്ങൾക്കിടയിൽ ഇങ്ങനേയും ചില ശുഭവാർത്തകൾ വരുന്നുവെന്നതാശ്വാസം.

വരൻ: ചിരഞ്ജീവി അശ്വത്ഥനാരായണൻ (ഒ.വി. വിജയന്റെ മയൂരം ഗായതിയിലെ തറവാടിയായ വരൻ സാക്ഷാൽ അരയാൽ കുട്ടൻ!)

വധു: ഒൗഷധറാണി, സൗഭാഗ്യവതി ആര്യവേപ്പ്. (സംശയിക്കേണ്ട, ആര്യയല്ല ആര്യവേപ്പുതന്നെ)

ഭൂസ്പർശം കൂടാതെ കാളിപ്പനയുടെ തോളിൽ വളർന്ന അരയാലിന് പുളികുടിയും സീമന്തവും ജാതകർമ്മവും വാതിൽപ്പുറപ്പാടും കഴിഞ്ഞ് ചോറൂണ്. മുടിമുറിക്കലും നാമകരണവും കഴിഞ്ഞാൽ അരയാൽ നാരായണന് എട്ടാംവയസിൽ ഉപനയനവും സമാവർത്തനവും കഴിച്ച് പാണിഗ്രഹണം. കുറച്ചുവർഷം മുമ്പ് തൃക്കുളത്തൂരെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അരയാൽക്കല്യാണത്തിൽ പങ്കെടുത്തതോർമ്മവരുന്നു. പട്ടുസാരികളുടെയും പൊന്നിന്റെയും പൊങ്ങച്ചത്തിന്റെയും തുലാഭാരമില്ലാത്ത ഒരുപാവം കല്യാണം! കരാട്ടെ പരിശീലനത്തോടെ പങ്കെടുക്കേണ്ട കേമൻ സദ്യയോ വീഡിയോക്കാരുടെ മാർഗംകളിയോ ഇല്ലാത്ത, ഇൗ ഭൂമുഖത്തെ ഒരു അത്യപൂർവ കല്യാണം!

കൊവിഡുകാലം തന്ന തിരിച്ചറിവിൽ പൊങ്ങച്ചക്കല്യാണങ്ങൾക്ക് അടക്കവും ഒതുക്കവും വരേണ്ടതായിരുന്നു. മുല്ലപ്പൂവിരിക്കേണ്ടിടത്ത് നായ്‌ക്കുരണപ്പൊടിയും ഉൗട്ടുപുരയ്ക്കുമുന്നിൽ അങ്കപ്പൂരപ്പാട്ടും അടിപൊളി ഗാനമേളകൾ പാതിരാ കയ്യാങ്കളിയുമൊക്കെയായി മാറുന്നു. പൊങ്ങച്ചത്തിന്റെ കുടമാറ്റംകഴിഞ്ഞ് പാതിരാവെടിക്കെട്ടും ഒടുവിലിതാ ബോംബേറും! ഇൗ പുലിവാൽക്കല്യാണത്തിൽ നിന്നും ഒരു മോചനം വേണ്ടേ?