
ആലുവ: നമ്പർപ്ലേറ്റും ലൈസൻസുമില്ലാതെ റോഡിലൂടെ ബൈക്കിൽ പെൺസുഹൃത്തിനൊപ്പം ചുറ്റിയ പയ്യനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും പൊക്കി. ആലുവ സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് നമ്പർ പ്ലേറ്റില്ലാതെ സഞ്ചരിച്ചത്.
കുട്ടമശേരിയിൽ നടന്ന വാഹന പരിശോധനയ്‌ക്കിടയിലാണ് ഹെൽമറ്റില്ലാതെ പെൺസുഹൃത്തിനൊപ്പം അതിവേഗത്തിൽ പാഞ്ഞുവരുന്ന പയ്യനെ ഉദ്യോഗസ്ഥർ കണ്ടത്. സംശയം തോന്നി നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിറുത്താതെ പോവുകയായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഉടമയുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചത്.
എന്നാൽ, ഈ വാഹനം മറ്റൊരാൾക്ക് വിറ്റതാണെന്നായിരുന്നു ഉടമ പറഞ്ഞത്. പുതിയ ഉടമയെ കണ്ടെത്തിയെങ്കിലും അദ്ദേഹവും അത് മറ്റൊരാൾക്ക് വിറ്റിരുന്നു. വാഹനം നാല് പേരിലായി കൈമറിഞ്ഞെങ്കിലും ഉടമയുടെ അഡ്രസ് ആരും മാറ്റിയിരുന്നില്ല.
ഇപ്പോൾ വാഹനം ഉപയോഗിക്കുന്ന ആളിന്റെ അനുജന്റെ സുഹൃത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്‌പെയർ പാർട്‌സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാൻ വാങ്ങിയതെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ലൈസൻസ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്‌ക്കിടെ നിറുത്താതെ പോയതിനുമാണ് കേസ് എടുത്തത്.