
രണ്ടാം പിണറായി വിജയൻ സർക്കാർ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാക്കുന്നത് ഭരണപരിഷ്കാരത്തിന്റെ ഭാഗമായാണ്. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങൾ ലഭ്യമാകും. അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താൻ ഉതകുന്ന രീതിയിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എൻജിനീയറിംഗ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിക്കുകയാണ്. ഏകീകൃതവകുപ്പിൽ റൂറൽ, അർബൻ, പ്ലാനിംഗ്, എൻജിനിയറിംഗ് എന്നീ നാലുവിഭാഗങ്ങളാണ് ഉണ്ടാവുക. റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാർ ഐ.എ.എസ് തസ്തികയിലുള്ള ഡയറക്ടർമാരാണ്. പ്ലാനിംഗ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എൻജിനിയറിംഗ് വിഭാഗത്തിന്റെ തലവൻ ചീഫ് എൻജിനിയറുമായിരിക്കും. എൻജിനിയറിംഗ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ടാകും.
ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ആൻഡ് എൻജിനിയറിംഗ് എന്നാണ് ഇനി ആ വിഭാഗം അറിയപ്പെടുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് സഹായകരമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ, എംപവർമെന്റ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാവും. സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റാണ് ഉണ്ടാവുക. തിരുവനന്തപുരത്തെ സ്വരാജ്ഭവൻ ഇതിനായി ഒരുങ്ങികഴിഞ്ഞു. ഏകീകൃത വകുപ്പിന്റെ മേധാവി പ്രിൻസിപ്പൽ ഡയറക്ടറായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രധാന ലക്ഷ്യം. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത് ശക്തിപ്പെടുത്താനാവും. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമൊക്കെ സംബന്ധിച്ച് ജീവനക്കാർക്കുള്ള എല്ലാ ആശങ്കകളും പരിഹരിച്ചാണ് സർക്കാർ മുന്നോട്ടുപോവുന്നത്. വിശേഷാൽ ചട്ടങ്ങൾ പുറത്തിറക്കുന്ന തീയതിക്ക് മുമ്പ് സർവീസിൽ പ്രവേശിച്ച ഓരോ ജീവനക്കാരനും സർവീസിൽ നിന്ന് പിരിയുന്നതുവരെ പഴയ വകുപ്പുകളിലുള്ള സീനിയോറിറ്റിയും പരിഗണനയും നിലനിറുത്തും. പഴയ വകുപ്പിൽ അർഹതപ്പെട്ട എല്ലാ പ്രൊമോഷനും ലഭിക്കുകയും ചെയ്യും.
അഞ്ച് വ്യത്യസ്ത വകുപ്പുകളെ ഏകീകൃതമാക്കിയപ്പോൾ വിവിധ വകുപ്പുകളിലെ ജീവനക്കാർ നിർവഹിച്ചുവന്നിരുന്ന ഉത്തരവാദിത്തങ്ങളുടെയും ചുമതലകളുടെയും സമാനത, ശമ്പള സ്കെയിലിന്റെ സമാനത എന്നീ ഘടകങ്ങൾ പൂർണമായും പരിഗണിച്ചുകൊണ്ടാണ്, വിവിധ വകുപ്പുകളിലെ നിലവിലുള്ള കേഡറുകൾ ഏകീകരിച്ചത്. കാത്തിരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സംവിധാനമാണ് ആവശ്യം. ഏകീകൃത വകുപ്പിൽ ഫയലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാൽ വേഗത്തിൽ തീരുമാനങ്ങളുണ്ടാവും. സർക്കാരിന്റെ നയപരമായ തീരുമാനമോ, സ്പഷ്ടീകരണമോ, പ്രത്യേക സാങ്കേതികാനുമതിയോ ആവശ്യമുള്ള ഫയലുകൾ ഒഴികെ ബാക്കിയെല്ലാറ്റിലും തീരുമാനമെടുക്കാൻ മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ.