
ലേബർ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക എന്നത് പഞ്ചായത്തുകളുടെ ധർമ്മങ്ങളിലൊന്നായി പഞ്ചായത്തീരാജ് നിയമത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ പലരും കാർഷിക കർമ്മസേനയെയാണ് ലേബർ ബാങ്കായി കാണുന്നത്. രണ്ടും വ്യത്യസ്തമാണ്. എന്നാൽ ഇന്ന് വ്യാപകമായുള്ള കാർഷിക കർമ്മസേനയെ ലേബർ ബാങ്ക് സങ്കൽപ്പവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ കാർഷിക മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാവും. എന്റെ അറിവിൽ കേരളത്തിൽ രണ്ടു ലേബർ ബാങ്കുകളേ ഇതുവരെ രൂപീകരിച്ചിട്ടുള്ളൂ.
ഒന്ന്, പറവൂർ ആലങ്ങാട് ബ്ലോക്കുകളിൽ കെ. കൃഷ്ണകുമാർ ജില്ലാ കളക്ടറായിരുന്നപ്പോൾ നടത്തിയ പരീക്ഷണമാണ്. 70കളുടെ മധ്യത്തിൽ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച 'ദാരിദ്ര്യം തൊഴിലില്ലായ്മ വികസന നയം" എന്ന വിശ്രുത ഗ്രന്ഥത്തിൽ ഡോ. കെ.എൻ. രാജ് ഈ പരീക്ഷണത്തെക്കുറിച്ച് എഴുതുകയുണ്ടായി. അദ്ദേഹം ഇക്കണോമിക് ജേർണലിൽ ഇന്ത്യയിലെ 'മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മ പ്രശ്നവുമായി ബന്ധപ്പെടുത്തി പറവൂർ പരീക്ഷണത്തെക്കുറിച്ച് എഴുതിയ ലേഖനം ഒട്ടേറെ ചർച്ചകൾക്കു വഴി തെളിയിച്ചു.
രണ്ടാമത്തേത്, തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ പഞ്ചായത്തിൽ ജനകീയാസൂത്രണ കാലത്ത് ആവിഷ്കരിച്ച ലേബർ ബാങ്കാണ്. ഇതിനു ചുക്കാൻ പിടിച്ചത് ഇന്നത്തെ സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ്. ഉപജ്ഞാതാവ് കുന്നത്തുകാൽ കൃഷി ഓഫീസർ കെ.ജി. ഗിരീഷ്കുമാറും ആയിരുന്നു. നൂതനചിന്തകളോടു സഹകരിക്കാൻതൽപ്പരരായ ഭരണസമിതി, കെ. സുരേഷ്, എസ്. രവികുമാർ തുടങ്ങിയ ഒട്ടനവധി പ്രാദേശിക സന്നദ്ധപ്രവർത്തകരും ചേർന്നപ്പോൾ ഏറ്റവും നൂതനമായ ഒരു കാർഷിക സ്ഥാപനം രൂപംകൊണ്ടു. ലേബർ ബാങ്കിന്റെ മൂലധനം അതിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളിയുടെ അദ്ധ്വാനശേഷിയാണ്. ഈ ശേഷിയെ കൃഷിക്കാർക്കു വായ്പയായി നൽകി കൃഷിപ്പണികൾ ചെയ്യുന്നു. വിളവെടുക്കുമ്പോൾ അവർ കൂലി ലേബർ ബാങ്കിനു നൽകിയാൽ മതിയാകും. കർഷകത്തൊഴിലാളികൾക്കു പഞ്ചായത്ത് നൽകിയ റിവോൾവിംഗ് ഫണ്ടിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നുള്ള വായ്പയിൽ നിന്നോ കൂലി മാസശമ്പളമായി നൽകുന്നു. മാസത്തിൽ 20 ദിവസത്തെ പണി ഗ്യാരണ്ടിയാണ്.
കൃഷിപ്പണിയില്ലെങ്കിൽ പഞ്ചായത്തിന്റെ മരാമത്തു പണികളിൽ തൊഴിൽ നൽകും. ഇതിനായി പഞ്ചായത്തിന്റെ എല്ലാ മരാമത്തു പണികളും കുന്നത്തുകാൽ പഞ്ചായത്ത് ലേബർ ബാങ്കിനെ ലേബർ കോൺട്രാക്ട് സൊസൈറ്റിയായി അംഗീകരിച്ച് ഏൽപ്പിച്ചു കൊടുത്തു. ഇതിലേറ്റവും വലുത് 1.2 കോടി രൂപ വരുന്ന സമ്പൂർണ്ണ പാർപ്പിട നിർമ്മാണ പദ്ധതി തൊഴിൽസേന വഴി നടപ്പാക്കിയതാണ്. കർഷകത്തൊഴിലാളികൾക്കു പൂർണ തൊഴിൽ, മാസത്തിൽ കൂലി, ആരോഗ്യ – വിദ്യാഭ്യാസ അലവൻസുകളും ബോണസും യൂണിഫോമും കാർഷിക സർവ്വകലാശാലയിൽ കൃഷി പരിശീലനവും. പഞ്ചായത്താവട്ടെ ട്രാക്ടർ തുടങ്ങിയ യന്ത്രങ്ങളും വാങ്ങി നൽകി. കൃഷിക്കാർക്കും സൗകര്യം. നിശ്ചിത കൃഷിപ്പണികൾ ചെയ്യുന്നതിനു ലേബർ ബാങ്കുമായി കരാർ ഉണ്ടാക്കിയാൽ മതി. പഞ്ചായത്തിന്റെ പല കാർഷിക പദ്ധതികളുടെയും ഗുണഭോക്താവാകാൻ അവർ മുടക്കേണ്ട ഗുണഭോക്തൃ വിഹിതം ലേബർ ബാങ്കിനു കൊടുത്തു കരാറിൽ ഏർപ്പെട്ടാൽ മതി. ഇനി കൃഷി ചെയ്യാൻ ആഗ്രഹമില്ലെങ്കിലോ? ഭൂമി ലേബർ ബാങ്കിനെ ഏൽപ്പിച്ചുകൊടുത്താൽ കൃഷി ചെയ്ത് വിളവിൽ ഒരു ഭാഗം ഭൂവുടമസ്ഥനു നൽകും.
വാർഡുകൾതോറും കർഷകസഹായ സമിതികളും രൂപീകരിച്ചു. കർഷക പ്രതിനിധികളും ജനപ്രതിനിധികളും തൊഴിൽസേനയുടെ പ്രതിനിധികളും അടങ്ങുന്നതായിരുന്നു ഈ സമിതികൾ. കർഷകർ എന്തു സഹായത്തിനും ഈ സമിതികളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതിയാകും. കർഷകത്തൊഴിലാളികളും കൃഷിക്കാരും ഈ സമിതികളുടെ നടത്തിപ്പിനായി ചെറിയൊരു വിഹിതം നൽകാൻ ബാധ്യസ്ഥരായി. ഇവ ഓരോന്നും വാർഡുതല മിനി കൃഷി ഭവനുകളായി പ്രവർത്തിച്ചു. കുന്നത്തുകാൽ പഞ്ചായത്തിനെക്കുറിച്ച് വിസ്കോൺസൻ സർവ്വകലാശാലയിലെ സെമിനാറിൽ ഞാൻ പ്രസംഗിക്കുകയുണ്ടായി. അപ്പോഴാണ് കുന്നത്തുകാൽ പഞ്ചായത്തുകാർ തങ്ങളുടെ സ്വന്തം നോട്ടും അച്ചടിച്ചു തുടങ്ങിയിരുന്നുവെന്നകാര്യം ഞാൻ മനസ്സിലാക്കിയത്. പണമെന്നാൽ സാർവ്വത്രിക വിനിമയ മൂല്യവും കൈമാറ്റത്തിനുള്ള മാധ്യമവുമാണ്. എന്തും പണമാകാം.
എല്ലാവരും അംഗീകരിക്കണമെന്നു മാത്രം. അങ്ങനെ ന്യൂയോർക്കിലെ ഇത്താകയിലെ ജനങ്ങൾ തങ്ങളുടെ നാണയം ഉണ്ടാക്കി. അതിന്റെ പേര് ഇത്താക മണിക്കൂർ എന്നായിരുന്നു. ഏതാണ്ട് 10 ഡോളർ. ഒരു മണിക്കൂർ വേലയുടെ കൂലി. ഈ പരീക്ഷണം പരാജയപ്പെട്ടുവെങ്കിലും ഞാൻ ചെല്ലുമ്പോൾ മാഡിസൻ വിസ്കോൺസനിൽ സമാനമായ പരീക്ഷണം നടക്കുന്നുണ്ടായിരുന്നു. അവരും കുന്നത്തുകാലും തമ്മിലെന്ത്? കുന്നത്തുകാലിൽ 2000 മാർച്ച് 31ന് സമത സംഘങ്ങളുടെ ഒരു വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളും പലചരക്കുമെല്ലാം ഇവിടെ ലഭ്യമായിരുന്നു.
തൊഴിൽസേനയിലെ തൊഴിലാളികൾക്ക് ഉപജീവന വസ്തുക്കൾ വാങ്ങാൻ ഈ വിപണന കേന്ദ്രത്തിലേക്ക് ചിറ്റ്. കൊടുക്കുമായിരുന്നു. ഇങ്ങനെ ചിറ്റുമായി വരുന്നവർക്ക് വിപണന കേന്ദ്രത്തിൽ നിന്ന് സാധനങ്ങളും നൽകും. ബാങ്ക് അവരുടെ തനതായ പണം സൃഷ്ടിക്കുകയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. ഇങ്ങനെ ചെയ്യുന്നതുവഴി തൊഴിൽസേനയുടെ കൂലി നാട്ടിൽ തന്നെ ചെലവാകുമെന്ന് ഉറപ്പുവരുത്തുന്നു. അങ്ങനെ വിൽക്കുന്ന സാധനങ്ങളിൽ നല്ലൊരു പങ്ക് നാട്ടിൽത്തന്നെ ഉണ്ടാക്കുമ്പോൾ അവർക്കും പണി ലഭിക്കുന്നു. കെയിൻസ് പറഞ്ഞ ഇൻകം മൾട്ടിപ്ലയർ തങ്ങളുടെ ഗ്രാമത്തിൽത്തന്നെ പരമാവധി സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നതെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഇത്തരം വ്യാഖ്യാനമാണ് വിസ്കോൺസനിൽ ഉണ്ടായത്. ലേബർ ബാങ്ക് കർഷകത്തൊഴിലാളികളെ കാർഷിക പരിഷ്കരണത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവരുന്നു. കർഷകരും കർഷകത്തൊഴിലാളികളും തമ്മിൽ യോജിപ്പുണ്ടാക്കുന്നതിന് ഉത്തമ മാതൃകയായിരുന്നു കുന്നത്തുകാൽ ലേബർ ബാങ്ക്. ദൗർഭാഗ്യവശാൽ തുടർന്നുള്ള ഭരണസമിതിക്കു കീഴിലുണ്ടായ ചില പ്രശ്നങ്ങൾമൂലം ഈ പരീക്ഷണം പിന്നെ തുടർന്നില്ല. അന്നത്തെ അനുഭവങ്ങൾകൂടി കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഏതാനും പഞ്ചായത്തുകളിൽ ലേബർ ബാങ്ക് പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനകൾ നടക്കുന്നത് ശുഭോദർക്കമാണ്.