
അഹമ്മദാബാദ്: അഹമ്മദാബാദിൽ 2008ൽ നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ചു. 11 പേർക്കു മരണംവരെ ജീവപര്യന്തം. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളായ പ്രതികൾ നഗരത്തിന്റെ 21 വിവിധ ഭാഗങ്ങളിലാണ് സ്ഫോടനം നടത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ മൂന്ന് പേർ മലയാളികളാണെന്ന സൂചനയുണ്ട്.
കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ 49പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ 38പേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികളെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്റെ പ്രവർത്തകരാണ്. പ്രത്യേക ജഡ്ജി എആർ പട്ടേലാണ് വിധി പ്രസ്താവിച്ചത്.
2008 ജൂലായ് 26നാണ് അഹമ്മദാബാദിലെ തിരക്കേറിയ ഓൾഡ് സിറ്റിയിലടക്കം 21 ഇടങ്ങളിൽ സ്ഫോടന പരമ്പര നടന്നത്. 56പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248പേർക്ക് പരിക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് പിന്നീട് 29 സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരം ചെയ്യാനാണ് സ്ഫോടനങ്ങൾ നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്ഫോടനം.