up-election-

വാഗ്ദ്ധാനങ്ങളുടെ പെരുമഴയാണ് യു പി തിരഞ്ഞെടുപ്പിൽ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിയായി കണക്കാക്കപ്പെടുന്ന യു പിയിൽ അധികാരം തുടരുക എന്നത് ബി ജെ പിക്കും, നീണ്ട പത്ത് വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരം പിടിക്കാൻ യു പിയിൽ കരുത്ത് കാട്ടേണ്ടത് കോൺഗ്രസിനും ആവശ്യമാണ്. ഇതിനായി വോട്ടർമാരെ കൈയിലെടുക്കാൻ റാലികളിൽ വാഗ്ദ്ധാന പെരുമഴയാണ് ഇരുപാർട്ടികളും നൽകുന്നത്. എന്നാൽ യു പിയെ ഏറെ നാൾ സ്വന്തം കുത്തകയാക്കി നിർത്തിയ സമാജ്‌വാദി പാർട്ടിക്കും ഇക്കുറി വിജയം അത്യന്താപേക്ഷിതമാണ്. നീണ്ട നാൾ അധികാരത്തിന് പുറത്ത് നിന്നാൽ മായാവതിയുടെ ബി എസ് പിക്ക് സംഭവിച്ചതാവും അഖിലേഷ് യാദവിനേയും കാത്തിരിക്കുന്നത്. യു പിയിലെ തിരഞ്ഞെടുപ്പിൽ വാഗ്ദ്ധാനങ്ങളെക്കാളും ജാതി സമവാക്യങ്ങളാണ് വോട്ടിൽ പ്രതിഫലിക്കുക എന്നാണ് സാധാരണ വിലയിരുത്താറുള്ളതെങ്കിലും പുതിയ തലമുറയെ കൂടെ കൂട്ടാൻ വാഗ്ദ്ധാനങ്ങൾ പങ്ക് വഹിക്കും എന്ന് കണക്കാക്കപ്പെടുന്നു. യു പിയിലെ പ്രധാന പാർട്ടികൾ നൽകുന്ന വാഗ്ദ്ധാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

up-election-

ബി ജെ പി
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബി ജെ പി സംസ്ഥാനത്ത് ഭരണം തുടരുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ അടുത്തിടെ ഡൽഹി കേന്ദ്രീകരിച്ച് നടന്ന കർഷക സമരത്തിന്റെ അലയൊലികൾ നിലയ്ക്കാത്തതാണ് പാർട്ടിയെ ഭയപ്പെടുത്തുന്ന പ്രധാന ഘടകം. ഇതിനെ അതിജീവിക്കുന്നതിനായി കർഷകർക്ക് കൈനിറയെ ആനുകൂല്യങ്ങളാണ് യോഗിയുടെ പാർട്ടി വാഗ്ദ്ധാനം ചെയ്യുന്നത്.

കൃഷി ആവശ്യത്തിനുള്ള ജലസേചനത്തിനായി സൗജന്യ വൈദ്യുതി, കരിമ്പ് കർഷകർക്ക് വിളകൾക്ക് പതിനാല് ദിവസത്തിനകം പണം, കാർഷിക ആവശ്യങ്ങൾക്കായി 5000 കോടിയുടെ ജലസേചന പദ്ധതി. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ വിളകൾക്ക് മിനിമം താങ്ങുവില തുടങ്ങിയവയാണ് പ്രധാന വാഗ്ദ്ധാനങ്ങൾ.

എതിർപാർട്ടിയായ കോൺഗ്രസ് തുടക്കം മുതൽ സ്ത്രീകളെ മുന്നിൽ നിർത്തിയുള്ള പ്രചരണമാണ് യു പിയിൽ നടത്തുന്നത്. ഇതിനെ തടയിടുന്നതിനായി സ്ത്രീകൾക്കും വാഗ്ദ്ധാനങ്ങൾ വാരിക്കോരി നൽകുകയാണ് ബി ജെ പി. വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സ്‌കൂട്ടർ നൽകിയാണ് പുത്തൻ വോട്ടർമാരിൽ വലിയൊരു സംഖ്യയെ കൈയിലെടുക്കാൻ ബി ജെ പി ലക്ഷ്യമിടുന്നത്. വീട്ടമ്മമാർക്ക് പ്രധാന ഉത്സവങ്ങളായ ഹോളി, ദീപാവലി സമയങ്ങളിൽ രണ്ട് അധിക ഗ്യാസ് സിലിണ്ടറുകൾ അനുവദിക്കും. ഇതിന് പുറമേ ഒരു ലക്ഷം പാവപ്പെട്ട വീടുകളിലെ പെൺകുട്ടികൾക്ക് വിവാഹ സഹായം നൽകും, വിധവകൾക്ക് 1500 രൂപ വീതം പെൻഷൻ നൽകുമെന്നും ബി ജെ പി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.

വോട്ടർമാരിൽ മറ്റൊരു പ്രധാന വിഭാഗമായ യുവാക്കളെ കൈയിലെടുക്കുന്നതിനായി തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കുമെന്നും, മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്നതിനായി ഫ്രീ കോച്ചിംഗ്, ഓൺലൈൻ പഠനത്തിനായി രണ്ട് കോടി വിദ്യാർത്ഥികൾക്ക് സ്മാർട് ഫോൺ നൽകാനുള്ള പദ്ധതിയും ബി ജെ പി പ്രഖ്യാപിക്കുന്നു.

ഇതിനെല്ലാം പുറമേ ലൗ ജിഹാദും ഇക്കുറി യു പി തിരഞ്ഞെടുപ്പിൽ ബി ജെ പി ചർച്ചയാക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ലൗ ജിഹാദ് കേസുകളിൽ കുറ്റക്കാർക്ക് പത്ത് വർഷം ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നാണ് ബി ജെ പിയുടെ വാഗ്ദ്ധാനം.

up-election-

സമാജ്‌വാദി പാർട്ടി

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം പിടിക്കാൻ തക്കം പാർത്തിരിക്കുന്ന സമാജ്‌വാദി പാർട്ടിയും ജനങ്ങൾക്ക് വാഗ്ദ്ധാനങ്ങൾ നൽകുന്നതിൽ ഒട്ടും പിറകിലല്ല. കർഷക സമരത്തിന് ശേഷം ബി ജെ പിയുമായി അകന്ന കർഷകരെ പാട്ടിലാക്കുന്നതിനാണ് പാർട്ടി മുൻഗണന നൽകിയിട്ടുള്ളത്. വിളകൾക്ക് മിനിമം തുക നൽകുമെന്ന ഗാരണ്ടിയും അത് പതിനഞ്ച് ദിവസത്തിനകം ഉറപ്പാക്കും എന്നും സമാജ്വാദി പാർട്ടി വാഗ്ദ്ധാനം ചെയ്യുന്നു. ബി ജെ പിയെ പോലെ കരിമ്പ് കർഷകരെ കൈയിലെടുക്കാനും സമാജ്‌വാദി പാർട്ടി ശ്രമിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് കർഷകരുടെ കടങ്ങൾ ഇല്ലാതാക്കുമെന്നതാണ് മറ്റൊരു വാഗ്ദ്ധാനം. ചെറിയ കർഷകർക്ക് അവരുടെ കൃഷിക്കാവശ്യമായ വളം സൗജന്യമായി നൽകും. ഇത് കൂടാതെ പലിശ രഹിത വായ്പയും അനുവദിക്കും. ബി ജെ പിക്കുള്ള അടിയെന്നവണ്ണം കർഷക സമരത്തിൽ ഏർപ്പെട്ട് മരണപ്പെട്ടവർക്കായി സ്മാരകം നിർമ്മിക്കാനും സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുന്നു.

യുവാക്കൾക്കായി ഒരു കോടി തൊഴിലവസരമാണ് സമാജ്‌വാദി പാർട്ടി വാഗ്ദ്ധാനം ചെയ്യുന്നത്. ഐടി സെക്ടറിൽ കൂടുതൽ തൊഴിലുകൾ ഉറപ്പാക്കും. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തും. കരാർ വ്യവസ്ഥയിലുള്ള തൊഴിലുകൾ ഇതിനായി നിർത്തലാക്കും.

വനിതകൾക്കായി സർക്കാർ ജോലികളിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തും എന്നതാണ് സമാജ്‌വാദി പാർട്ടിയുടെ പ്രധാന വാഗ്ദ്ധാനം. പെൺകുട്ടികൾക്ക് മാസ്റ്റേഴ്സ് ഡിഗ്രിവരെ പഠനം സൗജന്യമാക്കും. സ്ത്രീകൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകും.

സമാജ്‌വാദി പാർട്ടിയുടെ മറ്റൊരു പ്രധാന വാഗ്ദ്ധാനം ഇരുചക്ര വാഹനമുള്ളവർക്കാണ്. ഇവർക്കായി എല്ലാമാസവും ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകും. ഓട്ടോറിക്ഷകൾക്ക് മൂന്ന് ലിറ്റർ സി എൻ ജിയാണ് നൽകുന്നത്. ഇത് കൂടാതെ സംസ്ഥാനത്ത് എല്ലാവർക്കുമായി മാസം മുന്നൂറ് യൂണിറ്റ് വീതം സൗജന്യ വൈദ്യുതി നൽകും

.

up-election-

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇക്കുറി പ്രിയങ്ക ഗാന്ധിയാണ് യു പിയുടെ പ്രചരണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഒരു വേള പാർട്ടി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയായി പ്രയങ്ക വരും എന്നാണ് പ്രവർത്തകരുടെ വിശ്വാസം. യു പി തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങൾ ശ്രദ്ധിച്ചാൽ കർഷകർക്ക് വാഗ്ദ്ധാനങ്ങൾ നൽകാൻ ഒരു പിശുക്കും കാണിക്കാത്ത പാർട്ടി കോൺഗ്രസാണ്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും എന്നതാണ് കോൺഗ്രസ് വാഗ്ദ്ധാനങ്ങളിൽ ഒന്നാമത്തേത് . വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കും. യു പി തിരഞ്ഞെടുപ്പിൽ ഗോക്കളുടെ പ്രാധന്യം മനസിലാക്കിയ പാർട്ടി അലഞ്ഞുതിരിയുന്ന കന്നുകാലികളാൽ കർഷകർക്കുണ്ടാവുന്ന നഷ്ടം നികത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഒരു കിലോ ചാണകം രണ്ട് രൂപ നിരക്കിൽ ശേഖരിക്കും.

യുവാക്കൾക്കായി ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദ്ധാനം. താത്കാലിക ജോലികളിൽ തുടരുന്നവരുടെ തൊഴിൽ സ്ഥിരപ്പെടുത്തും. അദ്ധ്യാപകർക്കും ഈ ആനുകൂല്യം ലഭിക്കും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് പഠനത്തിനായി സാമ്പത്തിക സഹായം ഉറപ്പാക്കും.

സംസ്ഥാനത്തെ വനിതകളെ കൈയിലെടുക്കാനായി വർഷം മൂന്ന് ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് വാഗ്ദ്ധാനം ചെയ്യുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് സ്‌കൂട്ടർ സൗജന്യമായി നൽകും. പൊലീസ് ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 25 ശതമാനം റിസർവേഷൻ ഉറപ്പാക്കും.

യു പി തിരഞ്ഞെടുപ്പ് തുടരവേ വിവിധ പാർട്ടികൾ നൽകുന്ന വാഗ്ദ്ധാനങ്ങളിൽ ആരുടെ വാക്കുകളാണ് ജനം വിശ്വസിക്കുന്നതെന്ന് മാർച്ച് പത്തിന് വോട്ട് എണ്ണുമ്പോൾ മാത്രമേ അറിയാൻ കഴിയുകയുള്ളു.