covid

ന്യൂയോർക്ക്: ലോകം കൊവിഡ് മൂന്നാംതരംഗത്തിന്റെ പിടിയിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ കാര്യമായ ഇളവുകളും നൽകിയിട്ടുണ്ട്. എന്നാൽ ഇളവുകൾ നൽകുന്നതിൽ അതിരുവിടരുതെന്നും മിതത്വം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരാേഗ്യ സംഘടന. ഒമിക്രോണിന്റെ കൂടുതൽ വകഭേദങ്ങളെ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ് നൽകിയത്. കണ്ടെത്തിയ വകഭേദങ്ങൾ ഏതുരീതിയിലാരിക്കും ബാധിക്കുക എന്നുപോലും വ്യക്തമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

'വൈറസ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒമിക്രോണിനുതന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവയാണ് കണ്ടെത്തിയത്. ഡെൽറ്റ വകഭേദത്തേക്കാൾ, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കാണുന്നത്. ബിഎ.1 ആണ് കൂടുതലായി കാണുന്നത്. ബിഎ.2 സാന്നിദ്ധ്യവും കൂടിവരികയാണ്. ബിഎ.2ന് കൂടുതൽ വ്യാപനശേഷിയുണ്ട്. അതെങ്ങനെയാണെന്ന് ഇപ്പോൾ പറയാനാവില്ല. എത്രമാത്രം ശ്രദ്ധിക്കണം എന്നാണിത് കാണിക്കുന്നത്’–ലോകാരോഗ്യ സംഘടനയിലെ കൊവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കൊർക്കോവ് വ്യക്തമാക്കുന്നു.

In the last week alone, almost 75,000 deaths from #COVID19 were reported to WHO.

Dr @mvankerkhove elaborates on Omicron and its sub-lineages transmission and severity ⬇️ pic.twitter.com/w53Z25npx2

— World Health Organization (WHO) (@WHO) February 17, 2022

'സാധാരണ അവസ്ഥയിലേക്ക് മടങ്ങാനുള്ള ലോകത്തിന്റെ ആഗ്രഹത്തെ മനസിലാക്കുന്നു. എന്നാൽ മഹാമാരി പൂർണമായും കെട്ടടങ്ങിയിട്ടില്ലെന്ന് ഓർക്കണം. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ മിതത്വം പാലിക്കണം'-ഡബ്ല്യുഎച്ച്ഒ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു.

ഒമിക്രോൺ അപകടകാരിയല്ലെന്ന ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നൽകിത്തുടങ്ങിയത്. ചിലയിടങ്ങളിൽ മാസ്കുപോലും നിർബന്ധമല്ല. ഇതിനെതിരെ ലോകാരോഗ്യ സംഘടനം രംഗത്തെത്തിയിരുന്നു. ലോകത്തിലെ ചില രാജ്യങ്ങൾ മാത്രമാണ് ഏറക്കുറെ പൂർണമായ വാക്സിനേഷൻ നടപ്പാക്കിയത്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പകുതിപ്പേർക്കുപോലും ഒറ്റഡോസ് വാക്സിൻ പോലും ലഭ്യമായിട്ടില്ല. ഇത് ഭയാനകമായ അവസ്ഥയിലേക്ക് ലോകത്തെ എത്തിച്ചേക്കാം എന്ന ഭീതിയും ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.