
തിരുവനന്തപുരം: മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ പേഴ്സണൽ സ്റ്റാഫിൽ രണ്ടുവർഷവും ഒരു ദിവസവും ജോലി ചെയ്‌താൽ ജീവിതകാലം മുഴുവൻ നല്ല തുക പെൻഷൻ വാങ്ങാം. ഗസറ്റഡ് തസ്തികയിൽ 1.60 ലക്ഷം വരെ ശമ്പളം കിട്ടുന്ന പേഴ്സണൽ സ്റ്റാഫ് ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത വേണ്ട. നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള അഡി.പ്രൈവറ്റ് സെക്രട്ടറിയുണ്ട്. നിലവിലെ 21 മന്ത്രിമാരും ചീഫ് വിപ്പും സ്വന്തം നിലയിൽ നിയമിച്ച 362 പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകാൻ 1.42 കോടിയോളം വേണം. ഏഴ് ശതമാനം ഡി.എയും 10 ശതമാനം എച്ച്.ആർ.എയും മെഡിക്കൽ റീ-ഇംപേഴ്സ്‌മെന്റ് ആനുകൂല്യവുമുണ്ട്. ക്വാർട്ടേഴ്സുകളും കിട്ടും. പ്രതിപക്ഷനേതാവ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് 14 പേരെയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 623 പേഴ്സണൽ സ്റ്റാഫുകളുണ്ടായിരുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിച്ച് 1994 സെപ്തംബർ 23നാണ് ഉത്തരവിറക്കിയത്. പരമാവധി പെൻഷന് 30 വർഷത്തെയും ചുരുങ്ങിയ പെൻഷന് 3 വർഷത്തെയും സർവീസാണ് ചട്ടം. 29 വർഷത്തിലധികം സർവീസുണ്ടെങ്കിൽ 30 വർഷമായും രണ്ടു വർഷത്തിലധികമുണ്ടെങ്കിൽ മൂന്നു വർഷമായും പരിഗണിക്കും. രണ്ടുവർഷവും ഒരുദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് പെൻഷൻ നൽകും. 2400 രൂപയും ഡി.ആറുമാണ് ചുരുങ്ങിയ പെൻഷൻ. ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടുപേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കുന്നത് പതിവാണ്.
പേഴ്സണൽ സ്റ്റാഫുകളിൽ ഏറ്റവും അധികം ശമ്പളം നൽകുന്നത് പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ശമ്പള സ്കെയിൽ 1,07,800-1,60,000. കുറഞ്ഞ ശമ്പളം പാചകക്കാരനാണ് (സ്കെയിൽ 23,000-50,200). 70,000രൂപ വരെ ശമ്പളമുള്ളവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റും 77,000 രൂപയ്ക്ക് മുകളിൽ വിമാനയാത്രാ നിരക്കും ലഭിക്കും.
 362 പേഴ്സണൽ സ്റ്റാഫുകൾ
നേരിട്ട് നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫുകൾ ഇങ്ങനെയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ-26, മന്ത്രിമാരായ റോഷി അഗസ്റ്റിൻ-15, ആന്റണി രാജു-18, ജി.ആർ. അനിൽ-17, പി. രാജീവ്-12, പി.എ. മുഹമ്മദ് റിയാസ്-19, വി. അബ്ദുറഹിമാൻ-16, വി.എൻ. വാസവൻ-15, കെ.എൻ. ബാലഗോപാൽ-13, കെ. രാജൻ-17, കെ. കൃഷ്ണൻകുട്ടി-15, ചിഞ്ചുറാണി-17, എ.കെ.ശശീന്ദ്രൻ-13, പി. പ്രസാദ്-15, എം.വി. ഗോവിന്ദൻ-16, സജി ചെറിയാൻ-16, വീണാ ജോർജ്-16, അഹമ്മദ് ദേവർകോവിൽ-17, വി.ശിവൻകുട്ടി-17, കെ.രാധാകൃഷ്ണൻ-16, ആർ.ബിന്ദു-17, ചീഫ് വിപ്പ് എം. ജയരാജ്-19
 ഗസറ്റഡ് പദവി
പ്രൈവറ്റ് സെക്രട്ടറി, അഡി.പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലുള്ളവർക്ക് സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളസ്കെയിലും പദവിയുമാണ് (77,400-1,15,200). അസി.പ്രൈവറ്റ് സെക്രട്ടറിക്ക് അണ്ടർ സെക്രട്ടറി റാങ്കിലെ ശമ്പളം കിട്ടും