
ബെർലിൻ: അയ്യായിരത്തോളം ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിന് നടുക്കടലിൽ വച്ച് തീപിടിച്ചു. പോർഷെ, ഔഡി, ലംബോർഗിനി തുടങ്ങിയ ലോകത്തിലെ അത്യാഡംബര കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇവയിൽ ഒട്ടുമുക്കാലും കത്തിനശിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കപ്പലിലുണ്ടായിരുന്ന ഇരുപത്തിരണ്ട് ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേർന്ന് രക്ഷപ്പെട്ടുത്തിയിട്ടുണ്ട്. ഇവർക്കാർക്കും പരിക്കേറ്റിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ അണച്ചാലും അതിനുള്ളിലെ കാറുകൾ ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. ഫോക്സ് വാഗണിന്റെ 3,965 വാഹനങ്ങൾ ഉണ്ടായിരുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു. പോർഷെയുടെ 1,100 കാറുകളാണ് ഉണ്ടായിരുന്നത്.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപത്തുവച്ചാണ് കാറുകൾ കയറ്റിയ ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. തീ അണയ്ക്കാൻ കപ്പലിലുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. തുടർന്നാണ് അവർ സഹായം തേടിയത്. അഗ്നിബാധയുടെ കാരണം എന്തെന്ന് വ്യക്തമല്ല.
ആഡംബര കാറുകളുമായി പോകുന്ന കപ്പലുകൾ തീ പിടിക്കുന്നത് ആദ്യ സംഭവമല്ല ഇത്. 2019ൽ ഗ്രാൻഡെ അമേരിക്കയിലും ഇതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. . അന്ന് ഔഡി, പോർഷെ തുടങ്ങിയ രണ്ടായിരത്തിലധികം കാറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവയെല്ലാം ഉപയോഗിക്കാനാവാത്ത വിധം നശിച്ചു.